തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിലേക്ക് ചർച്ച രൂക്ഷമായിരിക്കേ വി.ഡി. സതീശന്റെ പേര് പറയാതെ പറഞ്ഞ് കെ. മുരളീധരൻ. അധ്വാനിക്കുന്നവർക്ക് കൂലി കിട്ടണം എന്നാണ് തൻ്റെ അഭിപ്രായമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും നിയുക്ത വട്ടിയൂർക്കാവ് എംഎൽഎയുമായ കെ. മുരളീധരൻ വ്യക്തമാക്കി. ഫ്ളക്‌സുകൾ അല്ല നേതാക്കളെ തിരഞ്ഞെടുക്കുന്നത്, അതിന് ചില നടപടിക്രമങ്ങൾ ഉണ്ട്. അത് പൂർത്തിയാക്കി ഉചിതമായ തീരുമാനമെടുക്കും. നേരത്തെ, കരുണാകരൻ്റെ കാലത്തോ ആന്റണിയുടെ കാലത്തോ ഉമ്മൻചാണ്ടിയുടെ കാലത്തോ ഇങ്ങനെ ഉണ്ടായിരുന്നില്ല. പക്ഷേ തലമുറമാറ്റം ഉണ്ടാകുമ്പോൾ വരുന്ന ചില ആശയക്കുഴപ്പം മാത്രമാണ് ഇപ്പോഴുണ്ടാവുന്നതെന്നും അത് പെട്ടെന്ന് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചില നേതാക്കളോടൊക്കെ എല്ലാവർക്കും താൽപര്യമുണ്ടാവും. എന്നാൽ അവർ മറ്റു നേതാക്കളെക്കുറിച്ച് മോശം പറയുന്നത് ശരിയല്ല. എൻ്റെ അഭിപ്രായം ഞാൻ ഹൈക്കമാൻഡിനോട് പറഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും വി.ഡി. സതീശന് അനുകൂലമായ പ്രകടനങ്ങളും മറ്റും എല്ലാം ഞാനും കാണുന്നുണ്ട്. അതൊന്നും നേതാക്കൾ അറിഞ്ഞുകൊണ്ടല്ല. ഓരോരുത്തരും അവരുടെ താൽപര്യം പ്രകടിപ്പിക്കുന്നതാണെന്നും മുരളീധരൻ പറഞ്ഞു. കരുണാകരൻ ഉണ്ടായിരുന്നെങ്കിൽ ബിജെപിയിൽ പോകുമായിരുന്നു എന്ന പത്മജയുടെ പരാമർശം ഏറെ വിഷമിപ്പിച്ചിരുന്നു. ഒരിക്കലും അദ്ദേഹം ബിജെപിയിൽ പോവില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. കെ. മുരളീധരൻ ബിജെപിയിൽ പോകുമെന്നാണ് എനിക്കെതിരെ എപ്പോഴും ഉയർന്നുവരുന്ന ആക്ഷേപം. അതൊന്നും ഏൽക്കാത്ത ആക്ഷേപമാണെന്നും കോൺഗ്രസ് വിട്ടാൽ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുക എന്നതാണ് എൻ്റെ നിലപാടെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
K. Muraleedharan mentions V.D. Satheesan’s name for the post of Chief Minister without mentioning it; Those who work should get their wages













