ആശങ്കയുടെ രണ്ട്‌ മണിക്കൂർ; ഇരുപതുവട്ടം ആകാശത്ത്‌ ചുറ്റി ഇന്ധനം കത്തിച്ചുകളഞ്ഞ് കണ്ണൂർ-ജിദ്ദ എയർഇന്ത്യ വിമാനം തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

മട്ടന്നൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂരിൽനിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം 20 വട്ടം ആകാശത്ത് ചുറ്റി ഇന്ധനം കത്തിച്ചുകളഞ്ഞ് രണ്ടുമണിക്കൂറിനുശേഷം തിരിച്ചിറക്കി. ചൊവ്വാഴ്ച രാവിലെ പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഐ.എക്‌സ്. 778 (ബോയിങ് 737-8 എക്സ്.ജി.) വിമാനമാണ് തിരിച്ചിറക്കിയത്. 6.30-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 7.03-നാണ് യാത്ര തിരിച്ചത്. തുടർന്ന് മംഗളൂരുവിന് സമീപമെത്തിയപ്പോഴാണ് എൻജിന്റെ ഫ്യുവൽ ഫിൽട്ടറിന് തകരാർ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് മംഗളൂരു വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലേക്ക് മടങ്ങിയ വിമാനം ഇന്ധനത്തിന്റെ അളവ് കുറയ്ക്കാനായി 20 തവണ വിമാനത്താവളത്തിന് മീതെ വട്ടമിട്ട് പറക്കുകയും വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്ങിനുള്ള ക്രമീകരണം ഒരുക്കുകയും ചെയ്തു. ഇത് യാത്രക്കാരിലും നാട്ടുകാരിലും ആശങ്ക പടർത്തി. വിമാനം സുരക്ഷിതമായി 9.54-ന് തിരിച്ചിറങ്ങിയതോടെയാണ് എല്ലാവരുടെയും ശ്വാസം നേരേവീണത്. വിമാനത്തിൽ പൈലറ്റും കാബിൻ ക്രൂവുമടക്കം ആറ് ജീവനക്കാരും കുട്ടികളും സ്ത്രീകളുമുൾപ്പെടെ 150 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.

അവരെ എയർലൈൻ അധികൃതർ ഹോട്ടലിലേക്ക് മാറ്റി. തകരാർ പരിഹരിക്കാനായി സർവീസ് രാത്രി 8.30-ലേക്ക് മാറ്റി. ജിദ്ദയിലേക്ക് മൂന്നുമണിക്കൂറിലധികം സമയം വേണ്ടതിനാൽ 25 ടണ്ണോളം ഇന്ധനം വിമാനത്തിലുണ്ടായിരുന്നു. കൂടിയ അളവിൽ ഇന്ധനവുമായി ലാൻഡ് ചെയ്യുന്നതിൽ അപകടസാധ്യതയുള്ളതിനാൽ ഇത് ഒഴിവാക്കാനാണ് ഒരു മണിക്കൂറോളം വട്ടമിട്ട് പറന്നത്.

Kannur-Jeddah Air India flight burns fuel after circling 20 times, passengers safe

More Stories from this section

family-dental
witywide