
വാഷിംഗ്ടൺ: അമേരിക്കൻ ഗ്രീൻ കാർഡിനായി ലക്ഷക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾ 70 വർഷത്തോളം കാത്തിരിക്കേണ്ടി വരുന്നത് കടുത്ത അനീതിയാണെന്ന് യു.എസ്. റിപ്പബ്ലിക്കൻ സെനറ്റർ റോജർ മാർഷൽ. യോഗ്യതയുള്ള പ്രതിഭകളെ രാജ്യാന്തര പരിധിയുടെ പേരിൽ വർഷങ്ങളോളം ക്യൂവിൽ നിർത്തുന്ന നിലവിലെ നിയമം അടിയന്തിരമായി പരിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാഷിംഗ്ടണിൽ സംഘടിപ്പിച്ച ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ലോകത്തിലെ ഏറ്റവും കഠിനാധ്വാനികളായ കുടിയേറ്റക്കാരോട് നിങ്ങൾ 70 വർഷം ക്യൂവിൽ നിൽക്കണമെന്ന് നമ്മൾ പറയുന്നു. അത് നിങ്ങളുടെ തെറ്റുകൊണ്ടല്ല, മറിച്ച് ഒരേ രാജ്യത്തുനിന്നും കൂടുതൽ ആളുകൾ വന്നു എന്ന ഒറ്റ കാരണത്താലാണ്,” സെനറ്റർ മാർഷൽ വ്യക്തമാക്കി. ഈ വിവേചനം യു.എസിൻ്റെ വലിയ പരാജയമാണെന്നും ഇതിനെതിരെ നിയമപരമായി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എച്ച്-1ബി വിസയിൽ ഇന്ത്യക്കാർ വരുന്നത് സ്ഥിരമായി തടയണമെന്ന് റിപ്പബ്ലിക്കൻ പാർട്ടിയിലെ തന്നെ ചില ജനപ്രതിനിധികൾ ആവശ്യപ്പെടുന്നതിനിടയിലാണ് ഇന്ത്യക്കാരെ പൂർണ്ണമായി പിന്തുണച്ച് മാർഷൽ രംഗത്തെത്തിയത്.
നിയമപരമായ കുടിയേറ്റം രാജ്യത്തിന് എങ്ങനെ പ്രയോജനപ്പെടുന്നു എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഇന്ത്യൻ സമൂഹമെന്ന് അദ്ദേഹം പ്രശംസിച്ചു. അമേരിക്കൻ ജനസംഖ്യയുടെ വെറും 1.5 ശതമാനം മാത്രമുള്ള ഇന്ത്യൻ വംശജരാണ് രാജ്യത്തെ ആകെ ഫെഡറൽ വരുമാന നികുതിയുടെ 5 മുതൽ 6 ശതമാനം വരെ സംഭാവന ചെയ്യുന്നത്.
നിലവിലെ യു.എസ്. നിയമപ്രകാരം ഒരു രാജ്യത്തുനിന്നുള്ളവർക്ക് പ്രതിവർഷം പരമാവധി 7 ശതമാനം ഗ്രീൻ കാർഡുകൾ മാത്രമേ നൽകാൻ പാടുള്ളൂ. ഇന്ത്യയിൽ നിന്നുള്ള അപേക്ഷകരുടെ എണ്ണം വളരെ കൂടുതലായതിനാലാണ് ഈ ‘കൺട്രി ക്യാപ്പ്’ കാരണം ലക്ഷക്കണക്കിന് പ്രൊഫഷണലുകൾ ദശാബ്ദങ്ങളായി കാത്തിരിപ്പ് പട്ടികയിൽ കുടുങ്ങിക്കിടക്കുന്നത്. ഇപ്പോൾ (2026-ൽ) ഗ്രീൻ കാർഡ് ലഭിക്കുന്ന ഇന്ത്യക്കാർ ഏകദേശം 2013-14 കാലഘട്ടത്തിൽ അപേക്ഷിച്ചവരാണ്. എന്നാൽ, നിലവിലെ വേഗതയിൽ പുതിയതായി ഒരാൾ അപേക്ഷിച്ചാൽ ഗ്രീൻ കാർഡ് ലഭിക്കാൻ 70 വർഷം വരെ എടുത്തേക്കാമെന്നാണ് പ്രവചനങ്ങൾ. എങ്കിലും പലരും കാത്തിരിപ്പ് മടുത്ത് ഇന്ത്യയിലേക്ക് മടങ്ങുന്നതും കാറ്റഗറി മാറുന്നതും ഈ സമയക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്താറുണ്ട്.
സാങ്കേതിക വിദഗ്ദ്ധർക്കായുള്ള ബിസിനസ്സ് വിസ (ഇബി-2) ക്വാട്ടകൾ വേഗത്തിൽ തീരുന്ന സാഹചര്യത്തിൽ, ഈ പ്രതിസന്ധി പരിഹരിക്കാൻ നിയമപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും കൺട്രി ക്യാപ്പ് നീക്കം ചെയ്യുക എന്നത് തങ്ങളുടെ മുൻഗണനാ വിഷയമാണെന്നും സെനറ്റർ വ്യക്തമാക്കി. ഇന്ത്യ-യു.എസ്. ബന്ധം കൂടുതൽ ശക്തമാകുന്നത് ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്കും കർഷകർക്കും വലിയ തോതിൽ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keeping Indians who pay 6% of US taxes in queue for 70 years is a grave injustice; US Senator wants to lift green card restrictions















