പിണറായിക്ക് പിന്തുണയുമായി കെജ്‌രിവാൾ; ഇഡി റെയ്ഡിനു പിന്നിൽ ബിജെപി – കോൺഗ്രസ് ബന്ധമെന്ന് സംശയം

ന്യൂഡൽഹി: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്‌ഡിന് പിന്നാലെ ബിജെപിക്കെതിരേ വിമർശനവുമായി മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കേന്ദ്ര ഏജൻസികളെ, ബിജെപി ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണ് ഇഡി റെയ്ഡ് എന്നും ഇത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണെന്നും അരവിന്ദ് കെജ്‌രിവാൾ എക്‌സിൽ പ്രതികരിച്ചു.

‘മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇഡി റെയ്ഡ്, ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത്, പ്രാദേശിക പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിടുകയും ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതിന്റെ മറ്റൊരു തെളിവാണ്. കോൺഗ്രസ് ‘നടപടിയെടുക്കുന്നില്ല’ എന്ന് പരാതിപ്പെട്ടതിന് തൊട്ടുപിന്നാലെ ഇഡി റെയ്‌ഡ് നടത്തിയത് ബിജെപി-കോൺഗ്രസ് ബന്ധത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു’, എന്നും കെജ്‌രിവാൾ എക്സിൽ അഭിപ്രായപ്പെട്ടു.

ഡൽഹിയിൽ അരവിന്ദ് കെജരിവാളിന് നേരെ കോൺഗ്രസ് പിന്തുണയോടെ ബി.ജെ.പിയും കേന്ദ്ര ഏജൻസികളും നടത്തിയ കടന്നാക്രമണങ്ങൾ ഇതിന് സമാനമായിരുന്നുവെന്നും രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമായാണ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡെന്നുമെന്നാണ് സിപിഐഎം സെക്രട്ടേറിയറ്റ് നിലപാടെടുത്തത്. അതിന് പിന്നാലെയാണ് പിണറായിക്ക് പിന്തുണയുമായി കെജ്‌രിവാൾ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, മാസപ്പടി കേസുമായി ബന്ധപ്പെട്ട് കേരളത്തിലും കർണാടകയിലുമായി 12 ഇടങ്ങളിലാണ് ഇ.ഡി. പരിശോധന നടത്തിയത്. ബുധനാഴ്‌ച രാവിലെ ആറുമുതൽ തുടങ്ങിയ പരിശോധന മണിക്കൂറുകൾ നീണ്ടു. പിണറായിയുടെ തിരുവനന്തപുരത്തെ വാടകവീട്ടിലും കണ്ണൂരിലെ സ്വന്തം വീട്ടിലും റെയ്ഡ് നടത്തി. റെയ്ഡിനെതിരേ സി.പി.എം. വ്യാപക പ്രതിഷേധം ഉയർത്തി. തിരുവനന്തപുരത്ത് റെയ്‌ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി. ഉദ്യോഗസ്ഥരുടെ വാഹനം സിപിഐഎം പ്രവർത്തകർ ആക്രമിക്കുകയും ചെയ്തിരുന്നു.

Kejriwal supports Pinarayi; BJP-Congress ties suspected behind ED raid

More Stories from this section

family-dental
witywide