കേരള മുഖ്യമന്ത്രി ‘കസേരകളി’ ദില്ലിയിലേക്ക്, നേതാക്കളെ വിളിപ്പിച്ച് ഹൈക്കമാൻഡ്, കെസിക്ക് എംഎൽഎമാരുടെ പിന്തുണയെന്ന് നിരീക്ഷരുടെ റിപ്പോർട്ട്

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് ദില്ലിയിലേക്ക് വിളിപ്പിച്ചു. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഇന്ന് ദില്ലിക്ക് പുറപ്പെടും. നിലവിൽ ദില്ലിയിലുള്ള കെ.സി. വേണുഗോപാലും കൂടി എത്തുന്നതോടെ നാളെ ഹൈക്കമാൻഡ് പ്രതിനിധികളുമായി നിർണായക കൂടിക്കാഴ്ച നടക്കും. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ സമവായമുണ്ടാക്കാനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്.

മുഖ്യമന്ത്രി പദവിക്കായി അവകാശവാദമുന്നയിച്ച നേതാക്കൾക്കിടയിൽ എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന് കേന്ദ്ര നിരീക്ഷകർ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലെത്തിയാണ് നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും റിപ്പോർട്ട് കൈമാറിയത്. എന്നാൽ എംഎൽഎമാരുടെ പിന്തുണയ്‌ക്കൊപ്പം പൊതുജനവികാരവും മുതിർന്ന നേതാക്കളുടെ നിലപാടും പരിഗണിക്കണമെന്ന നിർദ്ദേശവും റിപ്പോർട്ടിലുണ്ട്. സംസ്ഥാനത്തെ സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യം നിരീക്ഷകർ ഖർഗെയെ ധരിപ്പിച്ചു.

യുഡിഎഫിലെ ഘടകകക്ഷികളുടെ നിലപാടും മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ നിർണായകമാകും. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള കക്ഷികളുമായി ഹൈക്കമാൻഡ് നേരിട്ട് സംസാരിക്കുമെന്നാണ് വിവരം. റിപ്പോർട്ടിന്മേൽ വിശദമായ ചർച്ചകൾ പൂർത്തിയായാലുടൻ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് അജയ് മാക്കൻ വ്യക്തമാക്കി. കേരളത്തിന്റെ പുതിയ അമരക്കാരനെ സംബന്ധിച്ച അന്തിമ തീരുമാനം ഞായറാഴ്ചയോടെ ദില്ലിയിൽ നിന്ന് ഉണ്ടാകാനാണ് സാധ്യത.

Kerala CM Race Shifts to Delhi; High Command Summons State Leaders as Observers Report Majority Support for KC Venugopal

More Stories from this section

family-dental
witywide