
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന കറുത്ത ഇന്നോവ കാറുകൾ മാറ്റാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശം നൽകി. ഇതോടെ, പോലീസ് ഫണ്ടിൽ നിന്നും വാങ്ങിയ രണ്ട് കറുത്ത കാറുകളും പോലീസ് തിരികെ ഏറ്റെടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വെള്ള ഇന്നോവ ക്രിസ്റ്റ കാറുകളാകും ഉപയോഗിക്കുക. ടൂറിസം വകുപ്പിനോട് ഇതിനായി വെള്ള കാറുകൾ വിട്ടുനൽകാൻ പൊതുഭരണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി പിന്നീട് ആവശ്യപ്പെട്ടാൽ മാത്രമേ കറുത്ത കാറുകൾ വിട്ടുനൽകൂ.
മുഖ്യമന്ത്രിയുടെ യാത്രകളിൽ ഏർപ്പെടുത്താറുള്ള അമിത സുരക്ഷാ ക്രമീകരണങ്ങളിലും നിയുക്ത മുഖ്യമന്ത്രി നിയന്ത്രണം ഏർപ്പെടുത്തി. പൈലറ്റും എസ്കോർട്ടും ഒഴികെയുള്ള അധിക സുരക്ഷാ വാഹനങ്ങൾ വേണ്ടെന്നാണ് പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. എസ്കോർട്ട് വാഹനവും ഒഴിവാക്കാൻ സതീശൻ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി അത് നിർബന്ധമാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ യാത്രകൾ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും റോഡുകൾ ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് വി.ഡി. സതീശൻ കർശന നിർദ്ദേശം നൽകി. സാധാരണക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിക്കൊണ്ടുള്ള സുരക്ഷാ രീതികളോട് തനിക്ക് താല്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം ഔദ്യോഗിക യാത്രകളിൽ ഈ പുതിയ മാറ്റങ്ങൾ പ്രാവർത്തികമാകും.
Designated CM V.D. Satheesan Replaces Black Cars with White; Directs Police to Limit Security Convoy










