തമിഴ്നാട്ടിൽ ദളപതിയുടെ മഹാ വിജയം, കേരളത്തിൽ നിലംതൊടാതെ താര സ്ഥാനാർത്ഥികൾ; സഭയിലേക്ക് എത്തുന്നത് രമേഷ് പിഷാരടി മാത്രം

സിനിമയിലെ തീപാറുന്ന ഡയലോഗുകളും രാഷ്ട്രീയവും രണ്ടുതരം ലോകങ്ങളാണെന്ന് തിരിച്ചറിയുന്നവരാണ് കേരളത്തിലെ വോട്ടർമാർ. അതിനാൽ തന്നെ അയൽ സംസ്ഥാനങ്ങളിലെ പോലെ താരപ്രഭാവം വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങൾ ഇവിടെ പൊതുവെ പരിമിതമാണ്. കേരള രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിച്ച നിരവധി താരങ്ങൾ മുൻകാലങ്ങളിൽ പരാജയം നേരിട്ടിട്ടുണ്ട്. വെള്ളിത്തിരയിൽ നിന്ന് രാഷ്ട്രീയ വേദിയിലേക്ക് വിജയകരമായി കടന്നുപോയവർ വളരെ കുറവാണ്.ഇക്കുറി, ഇതിൽ നിന്ന് വ്യത്യസ്തമായി സിനിമ-ടെലിവിഷൻ രംഗത്തുനിന്ന് നിരവധി പേർ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു. മൂന്നു മുന്നണികളും താരങ്ങളെ രംഗത്തിറക്കിയെങ്കിലും താരസാന്നിധ്യം കൂടുതലുണ്ടായിരുന്നത് എൻഡിഎയിലായിരുന്നു.

എൽഡിഎഫ് രണ്ട് പേരെയും യുഡിഎഫ് ഒരാളെയും മത്സരിപ്പിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞത് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയായ രമേഷ് പിഷാരടിക്ക് മാത്രമാണ്.കടുത്ത മത്സരവും ശക്തമായ രാഷ്ട്രീയ പോരാട്ടങ്ങളും മറികടന്നാണ് ബിജെപിയുടെ ശോഭാ സുരേന്ദ്രനും ഇടത് സ്വതന്ത്രനായ എൻ.എം.ആർ റസാഖിനെയും പിന്തള്ളി രമേഷ് പിഷാരടി നിയമസഭയിലെത്തിയത്. 13,147 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർഥിയായ സുധീർ കരമനയും ആദ്യമായി രാഷ്ട്രീയ പോരാട്ടത്തിനിറങ്ങിയെങ്കിലും സിഎംപിയുടെ സി പി. ജോണിനോട് തോറ്റു; 35,723 വോട്ടുകളോടെ രണ്ടാം സ്ഥാനത്ത് അദ്ദേഹം എത്തി.

അരുവിക്കരയിൽ ബിജെപി സ്ഥാനാർഥിയായ വിവേക് ഗോപനും പരാജയം നേരിട്ടു. 23,760 വോട്ടുകളോടെ മൂന്നാം സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്. ബിഗ് ബോസ് താരങ്ങളായ റോബിൻ രാധാകൃഷ്ണനും അഖിൽ മാരാരും യഥാക്രമം കുണ്ടറയിലും തൃക്കാക്കരയിലും പരാജയപ്പെട്ടു. തൃപ്പൂണിത്തുറയിൽ ബിജെപി സ്ഥാനാർഥിയായ നടി അഞ്ജലി നായർ 29,471 വോട്ടും അങ്കമാലിയിൽ പ്രോമി കുര്യാക്കോസ് 9,893 വോട്ടും നേടി മൂന്നാം സ്ഥാനത്ത് എത്തി. പത്തനാപുരത്ത് ഇടത് സ്ഥാനാർഥിയും ഗതാഗത മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും സിറ്റിംഗ് എംഎൽഎയും ഗായികയുമായ ദലീമ ജോജോയുടെയും തോൽവി ഈ പട്ടികയിൽ മാത്രം ഒതുക്കാനാകില്ലെങ്കിലും പരാജയപ്പെട്ട താര സ്ഥാനാർഥികളുടെ കൂട്ടത്തിൽ അവരുടെ പേരുകളും ചേർക്കേണ്ടിവരും. ഒപ്പം ബിഗ് ബോസ് താരങ്ങളായ അഖില്‍ മാരാരും റോബിൻ രാധാകൃഷ്ണനും തോൽവിയറിഞ്ഞു.

Also Read

More Stories from this section

family-dental
witywide