സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പായതിന് പിന്നാലെ കിഫ്ബി സിഇഒ കെ.എം. ഏബ്രഹാം സ്ഥാനം ഒഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം രാജിക്കത്ത് കൈമാറി. എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന കിഫ്ബിയുടെ അമരത്തുനിന്ന് പത്ത് വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്. നിലവിലെ അഡീഷണൽ സിഇഒ ആയ മിനി ആന്റണിക്കാണ് കിഫ്ബിയുടെ പുതിയ ചുമതല നൽകിയിരിക്കുന്നത്.
കിഫ്ബിയുടെ ഭാവി സംബന്ധിച്ച് യുഡിഎഫ് എന്ത് നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ച് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവമായി. കിഫ്ബിയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന നിലപാടാണ് യുഡിഎഫിന് ഉള്ളതെങ്കിലും, നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വൻകിട പദ്ധതികളുടെ ഭാവി എന്താകുമെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ഏതാണ്ട് 70,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി സംസ്ഥാനത്ത് പുരോഗമിക്കുന്നത്.
പുതിയ സർക്കാർ അധികാരമേറ്റ ശേഷം മാത്രമേ കിഫ്ബി തുടരണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. കിഫ്ബി വഴിയെടുത്ത വായ്പകളും തിരിച്ചടവും പുതിയ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കെ.എം. ഏബ്രഹാമിന്റെ രാജിയോടെ കിഫ്ബിയിലെ ഉന്നത ഉദ്യോഗസ്ഥ തലത്തിൽ കൂടുതൽ മാറ്റങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കും.
KIIFB CEO KM Abraham Resigns; Mini Antony Gets Additional Charge












