കണ്ണൂർ: കണ്ണൂരിലെ വിവിധയിടങ്ങളിൽ മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈ.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധവും ആക്രമണവും. തളിപ്പറമ്പിലും പയ്യന്നൂരിലും വെച്ചാണ് മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. കാസർകോട് നീലേശ്വരത്തും മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നു. അഞ്ചിടങ്ങളിൽ വെച്ച് തനിക്കെതിരെ ആക്രമണമുണ്ടായെന്ന് ഒ.ജെ. ജനീഷ് പ്രതികരിച്ചു.
തളിപ്പറമ്പിൽ സ്ഥലത്തുണ്ടായിരുന്ന പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളോടെ മന്ത്രിയുടെ വാഹനം തടയുകയായിരുന്നു. കല്ലുകൊണ്ടും കൈകൊണ്ടുമാണ് ആക്രമണം നടത്തിയതെന്ന് പരാതിയുണ്ട്. അതിനുശേഷം പയ്യന്നൂരിൽ വെച്ച് വീണ്ടും ആക്രമണമുണ്ടാവുകയും തുടർന്ന് സന്ദീപ് വാര്യർ എം.എൽ.എ ഉൾപ്പെടെയുള്ളവരും ഡിവൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ കൈയ്യാങ്കളി ഉണ്ടാവുകയും ചെയ്തു. ഇരുപതോളം പേരടങ്ങുന്ന സംഘം ആസൂത്രിതമായി നടത്തിയ ആക്രമണമാണിതെന്ന് മന്ത്രിക്കൊപ്പം യാത്ര ചെയ്തിരുന്ന വി.പി. അബ്ദുൾ റഷീദ് പറഞ്ഞു.
അതേസമയം, മന്ത്രി ഒ.ജെ. ജനീഷിനെതിരായ ആക്രമണം സി.പി.ഐ.എമ്മിന്റെ അറിവോടെയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. ആക്രമണത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും മുൻപ് ഉമ്മൻ ചാണ്ടിക്കെതിരെ നടത്തിയ ആക്രമണത്തിന്റെ തുടർച്ചയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങളുടെ തോൽവിയിൽ നിന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.ഐ.എം ക്രിമിനൽ മാഫിയ സംഘത്തെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച മുഖ്യമന്ത്രി, പത്തു വർഷം കേരളത്തിൽ നടത്തിയ ഗുണ്ടായിസം ഇനി തുടരാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ആക്രമണം നടത്തിയവരെയും അതിനുപിന്നിൽ ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Minister OJ Janeesh’s Convoy Attacked in Kannur; CM VD Satheesan Alleges CPIM Conspiracy









