
കോവളത്ത് പതിനാറുകാരി ലൈംഗിക പീഡനത്തിന് ഇരയായ സ്പായുടെ ബെനാമി ഉടമയായ തിരുവനന്തപുരം നഗരസഭാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഉള്ളൂർ സോണൽ ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ഒ. അനുരൂപിനെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ സാമ്പത്തിക ഇടപാടുകളിൽ അനുരൂപിന്റെ പങ്ക് വ്യക്തമായതോടെയാണ് നടപടി. കേസിൽ ഉദ്യോഗസ്ഥന്റെ പങ്കാളിത്തം വ്യക്തമായതിനെ തുടർന്ന് തിരുവനന്തപുരം നഗരസഭ മേയർ ഇയാളെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
കേസിലെ പ്രധാന പ്രതിയും സ്പാ നടത്തിപ്പുകാരനുമായ നിഷാന്തിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇയാളും അനുരൂപുമായുള്ള ബന്ധത്തെക്കുറിച്ച് ബാങ്ക് രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. സ്പായിലെ യു.പി.ഐ സ്കാനറും വാടകക്കരാറും നിഷാന്തിന്റെ പേരിലായിരുന്നെങ്കിലും, ദിവസേന ശരാശരി 25,000 രൂപയോളം യഥാർത്ഥ ഉടമയായ അനുരൂപിന്റെ അക്കൗണ്ടിലേക്ക് അയച്ചിരുന്നതായി കണ്ടെത്തി. ഇന്ന് പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അനുരൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസുമായി ബന്ധപ്പെട്ട് ഫോറൻസിക് സംഘം പെൺകുട്ടിയെ കോവളത്തെ മൂന്ന് സ്പാകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. അതിനിടെ, ചെങ്കൽപെട്ടിലെ സ്പായിൽ വെച്ചും താൻ ലൈംഗിക ചൂഷണത്തിന് ഇരയായതായി പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കോവളം പോലീസ് സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ തമിഴ്നാട്ടിലെ ഗുഡുവാഞ്ചേരിയിലുള്ള സ്പായിലെത്തിച്ച് പീഡിപ്പിച്ചെന്ന മൊഴിയിലെ തുടരന്വേഷണത്തിനായി കേസ് തമിഴ്നാട് പോലീസിന് കൈമാറിയിട്ടുണ്ട്.
പീഡനത്തിന് പിന്നിൽ അന്തർസംസ്ഥാന റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന സംശയം ബലപ്പെട്ടതോടെ ഇടനിലക്കാരെ കണ്ടെത്താനുള്ള അന്വേഷണവും പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. പെൺകുട്ടിയുടെ ബന്ധുക്കളെ കോവളത്തെ സ്പാ ഉടമയായ സജിത്തിന് പരിചയപ്പെടുത്തിയത് ഈ റാക്കറ്റ് വഴിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഈ ശൃംഖലയിലെ കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.
Kovalam Spa Abuse Case: Trivandrum Corporation Junior Health Inspector Arrested as Benami Owner, Suspended














