വിജയ് ഭരണകൂടത്തിൽ മലയാളി ഉദ്യോഗസ്ഥന് സുപ്രധാന പദവി; എം കെ സ്റ്റാലിൻ്റെ വിശ്വസ്തന് സ്ഥാന ചലനം, ടാസ്മാക് എംഡിയെയും മാറ്റി

ചെന്നൈ: വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാരിൽ ഐഎഎസ് തലത്തിൽ വൻ അഴിച്ചുപണി. മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ വിശ്വസ്തനായി കണക്കാക്കപ്പെട്ട ധനകാര്യ സെക്രട്ടറി ഉദയചന്ദ്രനെ മാറ്റി, എം. എ. സിദ്ദിഖിനെ പുതിയ ധനകാര്യ സെക്രട്ടറിയായി നിയമിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു മലയാളി ഉദ്യോഗസ്ഥനും ഇടംപിടിച്ചു. കൊച്ചി സ്വദേശിയും 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനുമായ വി വിഷ്‌ണുവിനെ മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരായി മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെയും സർക്കാർ നിയമിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ മാറ്റിയിരുന്ന മുൻ ചീഫ് സെക്രട്ടറി എം. മുരുഗാനന്ദനെ റവന്യൂ കമ്മീഷണറായി നിയമിച്ചു. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ടതിന് പിന്നാലെ അദ്ദേഹം അവധിയിൽ പ്രവേശിച്ചിരുന്നു. അതേസമയം, ടാസ്മാക് എംഡിയേയും സർക്കാർ മാറ്റി. കെ. നന്ദകുമാറിനാണ് പുതിയ ചുമതല.

ഇതിനിടെ, ആർ ശബരീനാഥൻ എംഎൽഎയെ സർക്കാർ വിപ്പായി നിയമിച്ചതും ശ്രദ്ധേയമായി. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. വിജയുടെ ഡ്രൈവറും പി.എയുമായ രാജേന്ദ്രന്റെ മകനാണ് ശബരീനാഥൻ. ചെന്നൈ വിരുഗമ്പാക്കം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഒപ്പിടുന്നതിന് മുമ്പ് മുഖ്യമന്ത്രിയോട് അനുവാദം ചോദിക്കുന്ന ശബരീനാഥന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

More Stories from this section

family-dental
witywide