
ഹോങ്കോങ്: ചൈനയിലെ ഏറ്റവും സ്വാധീനമുള്ള സാംസ്കാരിക വ്യക്തിത്വങ്ങളിലൊരാളും പ്രശസ്ത കോമഡി തതാരവുമായ ഗുവോ ഡെഗാങ് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിപ്ലവ ഗാനം തിരുത്തി പാടിയതിനെ തുടർന്ന് നിയമനടപടികൾ നേരിടുന്നു. ചൈനീസ് വിപ്ലവ ഗാനം തമാശരൂപേണ തിരുത്തി അവതരിപ്പിച്ച സംഭവത്തിൽ വുഹാൻ കൾച്ചർ ആൻഡ് ടൂറിസം ബ്യൂറോ അദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിക്കുകയും തുടർന്ന് നടക്കാനിരുന്ന അദ്ദേഹത്തിന്റെ പരിപാടികൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ജൂലൈ അവസാനത്തോടെ വുഹാനിൽ നടന്ന ഒരു പരിപാടിക്കിടെയാണ് സംഭവം. ചൈനയിലെ ഏറ്റവും പ്രശസ്തനായ ‘ക്രോസ്‌റ്റോക്ക്’ കലാകാരനായ ഗുവോ, ചരിത്രപ്രസിദ്ധമായ വിപ്ലവ ഗാനത്തിലെ വരികൾ സ്വന്തം ശൈലിയിൽ തിരുത്തി പാടുകയായിരുന്നു. വിപ്ലവാനന്തര കൃതികളെ വികലമാക്കുകയും പൊതുജന മര്യാദകളും പെരുമാറ്റച്ചട്ടങ്ങളും ലംഘിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് കാണികളിലൊരാൾ അധികൃതർക്ക് പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ആശയപരമായ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനിടെ തമാശ രൂപേണ പോലും നടത്തുന്ന സർഗ്ഗാത്മക നീക്കങ്ങൾ എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.
സിനോ-ജാപ്പനീസ് യുദ്ധകാലത്ത് ജാപ്പനീസ് സൈന്യത്തിനെതിരെ പോരാടിയ കമ്മ്യൂണിസ്റ്റ് ഗറില്ലാ പടയുടെ വീര്യത്തെ ഓർമ്മിപ്പിക്കുന്നതാണ് “പ്ലേയിങ് മൈ ബിലൗഡ് പിപ” എന്ന പ്രശസ്തമായ ഈ ഗാനം. 1950-കളിൽ പുറത്തിറങ്ങിയ ‘റെയിൽറോഡ് ഗറില്ലാസ്’ എന്ന പ്രശസ്ത ചൈനീസ് സിനിമയിൽ ഉൾപ്പെടുത്തിയ ഈ ഗാനം, 2019-ൽ ചൈനീസ് റിപ്പബ്ലിക്കിന്റെ എഴുപതാം വാർഷിക ആഘോഷങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ട 100 പ്രധാന ഗാനങ്ങളിലൊന്നു കൂടിയാണ്. “പടിഞ്ഞാറ് സൂര്യൻ അസ്തമിക്കാറായി; വൈഷാൻ തടാകത്തിൽ എല്ലാം ശാന്തമാണ്” എന്നതാണ് ഈ ഗാനത്തിന്റെ യഥാർത്ഥ വരികൾ.
എന്നാൽ രണ്ടാമത്തെ വരിയിൽ മാറ്റം വരുത്തിയ ഗുവോ ഡെഗാങ്, “ഫോർബിഡൻ സിറ്റിയിൽ എല്ലാം ശാന്തമാണ്” എന്ന് തമാശരൂപേണ തിരുത്തി പാടുകയായിരുന്നു. ബെയ്ജിങ്ങിന്റെ ഹൃദയഭാഗത്തുള്ള രാജകൊട്ടാര സമുച്ചയമായ ഫോർബിഡൻ സിറ്റി, ചൈനീസ് ഭരണാധികാരികളുടെ കേന്ദ്രമായിട്ടാണ് ചരിത്രപരമായി കാണക്കാക്കുന്നത്. അതിനാൽ തന്നെ ഈ സ്ഥലത്തെ പരാമർശിച്ച് വിപ്ലവഗാനം മാറ്റിപ്പാടിയത് രാഷ്ട്രീയമായി ഏറെ സംവേദനക്ഷമമുള്ള വിഷയമായി അധികൃതർ വിലയിരുത്തുന്നു. ഗുവോ ഡെഗാങ് നടത്തിയ ഈ വരികളുടെ കൂട്ടിച്ചേർക്കലുകൾ പരിപാടിക്ക് മുൻപ് അനുമതിക്കായി സമർപ്പിച്ച രേഖകളിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും, ഇത് വാണിജ്യ പ്രകടന നിയന്ത്രണ നിയമങ്ങളുടെ ലംഘനമാണെന്ന് സംശയിക്കുന്നതായും വുഹാൻ കൾച്ചർ ആൻഡ് ടൂറിസം ബ്യൂറോ അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രധാന സ്റ്റേജ് ഷോകൾ റദ്ദാക്കിയിട്ടുണ്ട്.















