തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സുവേന്ദു സർക്കാരിന്റെ അമ്പരപ്പിക്കുന്ന നീക്കം, മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ ചീഫ് സെക്രട്ടറിയാക്കി; ചെയ്ത ജോലിക്കുള്ള നന്ദിയെന്ന് തൃണമൂൽ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന മനോജ് കുമാർ അഗർവാളിനെ സംസ്ഥാന ചീഫ് സെക്രട്ടറിയായി നിയമിച്ച് ഗവർണർ ഉത്തരവിറക്കി. ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ നടന്ന ഈ നിയമനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് (ടിഎംസി) രൂക്ഷവിമർശനവുമായി രംഗത്തെത്തി. നിഷ്പക്ഷനായ ഉദ്യോഗസ്ഥനെന്ന് ബിജെപി വിശേഷിപ്പിച്ചയാൾക്ക് ലഭിച്ച തക്കതായ പ്രതിഫലമാണിതെന്ന് ടിഎംസി നേതാവ് സാഗരിക ഘോഷ് പരിഹസിച്ചു. ബംഗാളിലെ തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്ന് ഇനി എങ്ങനെ വിശ്വസിക്കുമെന്നും അവർ ചോദിച്ചു. ബിജെപിയെ അധികാരത്തിലേറാൻ വേണ്ടി ചെയ്ത ജോലിക്കുള്ള നന്ദിയെന്നും ടി എം സി നേതാക്കൾ പ്രതികരിച്ചു.

തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെ സുരക്ഷ വെട്ടിക്കുറയ്ക്കാൻ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇതുവരെ ലഭിച്ചിരുന്ന സെഡ് പ്ലസ് കാറ്റഗറി (Z+) സുരക്ഷ ഒഴിവാക്കി സാധാരണ എംപിമാർക്ക് നൽകുന്ന സുരക്ഷ മാത്രം നൽകിയാൽ മതിയെന്നാണ് നിർദ്ദേശം. തിരഞ്ഞെടുപ്പിന് ശേഷം ഭരണമാറ്റം ഉണ്ടായ സാഹചര്യത്തിൽ വിഐപി സുരക്ഷാ ക്രമീകരണങ്ങളിൽ വലിയ മാറ്റങ്ങളാണ് സർക്കാർ വരുത്തുന്നത്.

ഉദ്യോഗസ്ഥ തലത്തിലുള്ള അഴിച്ചുപണിയും സുരക്ഷാ ക്രമീകരണങ്ങളിലെ മാറ്റവും ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറന്നിരിക്കുകയാണ്. ബിജെപി സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് ടിഎംസി ആരോപിക്കുമ്പോൾ, ഭരണപരമായ അനിവാര്യതയാണിതെന്നാണ് സർക്കാർ പക്ഷം വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ മാറ്റങ്ങൾ ഭരണതലത്തിൽ ഉണ്ടാകുമെന്നാണ് സൂചന.

Manoj Kumar Agarwal Appointed Bengal Chief Secretary; Abhishek Banerjee’s Security Downgraded

More Stories from this section

family-dental
witywide