CBSE മൂല്യനിർണ്ണയത്തിൽ വൻ അഴിമതി; ഉത്തരകടലാസുകൾ സ്കാൻ ചെയ്തത് മൊബൈൽ ഫോണിൽ: ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പേപ്പറുകളുടെ ഡിജിറ്റൽ മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് രാജ്യത്ത് വൻ അഴിമതിയും സുരക്ഷാവീഴ്ചയും നടന്നതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രൊഫഷണൽ സ്കാനിംഗ് മെഷീനുകൾക്ക് പകരം സാധാരണ മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ സ്കാൻ ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. ഒരു സ്വകാര്യ കമ്പനിക്ക് വഴിവിട്ട് കരാർ നൽകാനായി സി.ബി.എസ്.ഇ ടെൻഡർ വ്യവസ്ഥകളിൽ ബോധപൂർവ്വം മാറ്റം വരുത്തിയതായും രാഹുൽ ഗാന്ധി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

2025 മേയിൽ സി.ബി.എസ്.ഇ പുറപ്പെടുവിച്ച ആദ്യ ടെൻഡർ പ്രകാരം 300 ഡിപിഐ റെസലൂഷനുള്ള ഓട്ടോമാറ്റിക് റോബോട്ടിക് സ്കാനറുകൾ ഉപയോഗിച്ച് മാത്രമേ പേപ്പറുകൾ സ്കാൻ ചെയ്യാവൂ എന്ന് നിബന്ധനയുണ്ടായിരുന്നു. എന്നാൽ ഓഗസ്റ്റിൽ പുറത്തിറക്കിയ പരിഷ്കരിച്ച ടെൻഡറിൽ ഈ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം സി.ബി.എസ്.ഇ അട്ടിമറിച്ചു. ‘COEMPT Edu Teck’ എന്ന സ്വകാര്യ വെണ്ടർക്ക് കരാർ ഒപ്പുവെക്കാൻ വേണ്ടിയാണ് മാനദണ്ഡങ്ങൾ ലഘൂകരിച്ചതെന്ന് രാഹുൽ ഗാന്ധി ആരോപിക്കുന്നു.

മങ്ങിയ പേജുകളും വിട്ടുപോയ ഉത്തരങ്ങളും വെറുമൊരു സാങ്കേതിക പിഴവല്ല, മറിച്ച് കൃത്യമായ ആസൂത്രണത്തോടെ നടന്ന തട്ടിപ്പാണ്. 18.5 ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനം തികച്ചും അപലപനീയമാണെന്നും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഉടൻ രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാർത്ഥി ഗവേഷകനായ സാർത്ഥക് സിദ്ധാന്ത് നടത്തിയ അന്വേഷണമാണ് ഈ ക്രമക്കേട് പുറത്തുകൊണ്ടുവന്നത്. ഇൻ്റർനെറ്റിൽ ലഭ്യമായ സ്കാൻ ചെയ്ത ഉത്തരക്കടലാസുകളിൽ മൊബൈൽ ക്യാമറ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന നിഴലുകളും മടക്കുകളും കണ്ടെത്തിയിരുന്നു. ഇത് മൊബൈൽ സ്കാനിംഗ് ആണ് നടന്നതെന്ന ആരോപണം ശരിവെക്കുന്നു.

ഇതിനുപുറമേ, നിസർഗ അധികാരി എന്ന 19 കാരനായ എത്തിക്കൽ ഹാക്കർ സി.ബി.എസ്.ഇ പോർട്ടലിലെ ഗുരുതരമായ സുരക്ഷാവീഴ്ചകൾ രണ്ടുതവണയാണ് ഹാക്ക് ചെയ്ത് തെളിയിച്ചത്. ഇൻ്റർനെറ്റ് ഉപയോഗിക്കുന്ന ആർക്കും വിദ്യാർത്ഥികളുടെ രഹസ്യ സ്വഭാവമുള്ള പരീക്ഷാപ്പകർപ്പുകൾ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന അവസ്ഥയായിരുന്നു എന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തവണ പന്ത്രണ്ടാം ക്ലാസ് വിജയശതമാനത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു (88.39%-ൽ നിന്നും 85.2% ആയി കുറഞ്ഞു). ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് പരീക്ഷകളിൽ പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാർക്കാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചത്. ഡൽഹിയിലെ ഒരു വിദ്യാർത്ഥിക്ക് ലഭിച്ച ഫിസിക്സ് പേപ്പർ മറ്റാരുടേതോ ആയിരുന്നു എന്ന് സി.ബി.എസ്.ഇ തന്നെ പിന്നീട് സമ്മതിച്ചിരുന്നു.

ആദ്യഘട്ടത്തിൽ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച സി.ബി.എസ്.ഇ, ഒടുവിൽ തങ്ങളുടെ ഓൺലൈൻ പോർട്ടലിൽ വലിയ സുരക്ഷാവീഴ്ചയുണ്ടെന്ന് സമ്മതിച്ചിരിക്കുകയാണ്. ഐ.ഐ.ടി വിദഗ്ധരുടെയും സൈബർ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ അടിയന്തരമായി പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് നിലവിൽ തങ്ങളെന്നും സി.ബി.എസ്.ഇ അധികൃതർ വിശദീകരിക്കുന്നു.

Massive corruption in CBSE evaluation; Answer sheets were scanned on mobile phones: Rahul Gandhi makes serious allegations

More Stories from this section

family-dental
witywide