പുതിയ മന്ത്രിസഭയിൽ അന്ധവിശ്വാസങ്ങളുടെ പേരിൽ ആരും ഏറ്റെടുക്കാൻ തയ്യാറാകാതിരുന്ന 13-ാം നമ്പർ സ്റ്റേറ്റ് കാർ ചോദിച്ചു വാങ്ങി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. ആദ്യം ഒൻപതാം നമ്പർ കാറായിരുന്നു ഇദ്ദേഹത്തിന് അനുവദിച്ചിരുന്നതെങ്കിലും ടൂറിസം വകുപ്പിനോട് ഷാജി നേരിട്ട് 13-ാം നമ്പർ വാഹനം ആവശ്യപ്പെടുകയായിരുന്നു. മുൻപ് യുഡിഎഫ് മന്ത്രിസഭകളിലെ മന്ത്രിമാരാരും ഈ നമ്പർ ഉപയോഗിച്ചിരുന്നില്ല. ഇത്തവണയും മന്ത്രിമാർ വിമുഖത കാട്ടിയതോടെ ടൂറിസം വകുപ്പ് ഒഴിവാക്കിയിട്ടിരുന്ന നമ്പറാണ് കെ.എം. ഷാജി സ്വന്തമാക്കിയത്. ഇതോടെ ഷാജിയുടെ പഴയ ഒൻപതാം നമ്പർ കാർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അനുവദിക്കും.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ കൃഷിമന്ത്രിയായിരുന്ന പി. പ്രസാദാണ് 13-ാം നമ്പർ കാർ ഉപയോഗിച്ചിരുന്നത്. അതിന് മുൻപുള്ള ഇടത് മന്ത്രിസഭകളിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്, വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബി എന്നിവരും അന്ധവിശ്വാസങ്ങളെ തള്ളി ഈ നമ്പർ ഉപയോഗിച്ച് മാതൃക കാട്ടിയിരുന്നു. 13-ാം നമ്പർ കാർ എടുത്തതിലൂടെ തനിക്കും ഇത്തരം അന്ധവിശ്വാസങ്ങളിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കുകയാണ് പുതിയ തദ്ദേശ ഭരണ മന്ത്രി.
13-ാം നമ്പർ കാർ പോലെ തന്നെ പ്രേതകഥകളും വാസ്തുദോഷങ്ങളും പ്രചരിച്ചതിനെ തുടർന്ന് മന്ത്രിമാർ താമസിക്കാൻ മടിച്ചിരുന്ന തിരുവനന്തപുരത്തെ മൻമോഹൻ ബംഗ്ലാവും പുതിയ മന്ത്രിസഭയിലെ ഒരു യുവമന്ത്രി ഏറ്റെടുത്തിട്ടുണ്ട്. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക്ഭവനോട് ചേർന്നുകിടക്കുന്ന ഈ പുരാതന മന്ദിരം വി.ഡി. സതീശൻ മന്ത്രിസഭയിലെ യുവമന്ത്രി ഒ.ജെ. ജനീഷാണ് ഔദ്യോഗിക വസതിയായി തിരഞ്ഞെടുത്തത്.
Minister K.M. Shaji Opts for Unpopular State Car Number 13 Rejecting Superstitions













