
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ നേരിട്ട് സന്ദർശിച്ച് രോഗികളുടെ അഭിപ്രായങ്ങൾ കേൾക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഡോ. ഹാരിസ് ചിറക്കൽ മുന്നോട്ടുവെച്ച നിർദേശങ്ങൾ മാധ്യമങ്ങളിലൂടെ വായിച്ചതായും അവ സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു. ആ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജുകളിൽ സന്ദർശനം നടത്തി രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും അഭിപ്രായങ്ങൾ നേരിട്ട് മനസിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രികളിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ കൂടുതൽ നിയമനങ്ങൾ നടത്താൻ സർക്കാർ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ഡോക്ടർമാരുടെ എണ്ണം കുറവായതിനാൽ രോഗി പരിചരണത്തിൽ ആവശ്യമായ ശ്രദ്ധ ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, അതിന് പരിഹാരമായി അധിക നിയമനങ്ങൾ നടത്തുമെന്നും പറഞ്ഞു. പുതിയ ആരോഗ്യമന്ത്രി ആദ്യം രോഗികളുമായി ചർച്ച നടത്തണമെന്നായിരുന്നു ഡോ. ഹാരിസ് ചിറക്കലിന്റെ നിർദേശം. മെഡിക്കൽ കോളേജുകളിലെ നിരവധി പ്രശ്നങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ ആശുപത്രികൾ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ആശ്രയകേന്ദ്രങ്ങളാണെന്ന് മന്ത്രി പറഞ്ഞു. എന്നാൽ നിലവിൽ ഡോക്ടർമാരുടെ കുറവും ശുചിത്വ പ്രശ്നങ്ങളും ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ ആശുപത്രികളിൽ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം അംഗീകരിച്ചു.
ആശുപത്രി ശുചിത്വത്തിന് മുൻഗണന നൽകണമെന്ന് ക്ലീനിങ് സ്റ്റാഫ് ഉൾപ്പെടെയുള്ള ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. രോഗികൾക്ക് സുരക്ഷിതവും വൃത്തിയുള്ളതുമായ അന്തരീക്ഷം ഉറപ്പാക്കുക പ്രധാന ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും അതിൽ നിന്ന് പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം നഗരത്തിൽ രണ്ടാമത്തെ മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും ആരംഭിക്കുമെന്നും, നിലവിലുള്ള മെഡിക്കൽ കോളേജുകളുടെ സൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ കോളേജുകളുടെ വളർച്ച രോഗികളുടെ എണ്ണം വർധിക്കുന്നതിൽ അല്ല, മറിച്ച് അവരെ മികച്ച രീതിയിൽ പരിചരിക്കുന്നതിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സർക്കാർ ആശുപത്രിയിലെത്തുന്ന ഓരോരുത്തർക്കും മികച്ച ചികിത്സ ഉറപ്പാക്കുക എന്നതാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവാദിത്വമെന്നും, ഡോക്ടർമാർക്ക് മികച്ച സേവനം നൽകാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണമെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.












