
തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് (50) മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബേൺസ് ഐസിയുവിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. അപകടം നടന്ന ദിവസം മുതൽ 90 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിലായിരുന്നു അദ്ദേഹം. സതീശന്റെ മരണത്തോടെ മുണ്ടത്തിക്കോട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 15 ആയി ഉയർന്നു.
വർഷങ്ങളായി വെടിക്കെട്ട് രംഗത്ത് സജീവമായിരുന്ന സതീശൻ, തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വർണ്ണവിസ്മയം തീർക്കുന്ന പ്രധാനിയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി തിരുവമ്പാടിയുടെ ഔദ്യോഗിക വെടിക്കെട്ട് ലൈസൻസിയായി പ്രവർത്തിച്ചു വരികയായിരുന്നു. 2024-ൽ പാറമേക്കാവിനും തിരുവമ്പാടിക്കുമാമായി തൃശ്ശൂർ പൂരത്തിന് ആദ്യമായി ‘സൗഹൃദ വെടിക്കെട്ട്’ ഒരുക്കിയ അപൂർവ്വ റെക്കോർഡും സതീശന് സ്വന്തമാണ്. പിതാവ് മണിപാപ്പന്റെ പാത പിന്തുടർന്നാണ് സതീശൻ ഈ മേഖലയിലേക്ക് എത്തിയത്.
തൃശ്ശൂർ പൂരം വെടിക്കെട്ടിനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് നാടിനെ നടുക്കിയ സ്ഫോടനം ഉണ്ടായത്. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പൂരത്തിന് വിസ്മയമൊരുക്കാൻ സതീശൻ മുൻനിരയിലുണ്ടായിരുന്നു. സതീശന്റെ വിയോഗം തൃശ്ശൂരിലെ പൂരപ്രേമികൾക്കും വെടിക്കെട്ട് ലോകത്തിനും വലിയ നഷ്ടമാണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Mundathicode blast: Thiruvambady fireworks licensee Satheesan passes away; death toll rises to 15













