അസമിൽ ഹാട്രിക് വിജയവുമായി എൻഡിഎ സഖ്യം വീണ്ടും അധികാരത്തിലേക്ക്. ആകെ 126 സീറ്റുകളുള്ള നിയമസഭയിൽ 102 സീറ്റുകൾ നേടിയാണ് എൻഡിഎ കരുത്ത് തെളിയിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി 82 സീറ്റുകൾ സ്വന്തമാക്കിയപ്പോൾ, കോൺഗ്രസ് സഖ്യം വെറും 19 സീറ്റുകളിലേക്ക് ഒതുങ്ങി. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജലുക്ബാരി മണ്ഡലത്തിൽ നിന്ന് 87,701 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ജലുക്ബാരിയിൽ നിന്നുള്ള ഹിമന്തയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്.
പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് പ്രമുഖ നേതാക്കളെല്ലാം പരാജയപ്പെട്ടു. പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ നാസിറ മണ്ഡലത്തിൽ 47,021 വോട്ടിന് പരാജയപ്പെട്ടു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ്ക്കും ജോർഹട്ടിൽ വിജയിക്കാനായില്ല. ബിജെപിയുടെ ഹിതേന്ദ്ര നാഥ് ഗോസ്വാമിയോട് 23,182 വോട്ടിനാണ് ഗൊഗോയ് പരാജയപ്പെട്ടത്. ഗൊഗോയ് കുടുംബത്തിന്റെ ശക്തികേന്ദ്രമായിരുന്നിട്ടും സിറ്റിംഗ് എംഎൽഎയായ ഗോസ്വാമി മണ്ഡലം നിലനിർത്തുകയായിരുന്നു.
ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ 85.96 ശതമാനം എന്ന റെക്കോർഡ് പോളിംഗ് ആണ് അസമിൽ രേഖപ്പെടുത്തിയത്. കേവലഭൂരിപക്ഷത്തിന് 64 സീറ്റുകൾ വേണമെന്നിരിക്കെ, നൂറിലധികം സീറ്റുകൾ നേടിയ എൻഡിഎ സഖ്യം അസമിൽ വലിയ രാഷ്ട്രീയ മുന്നേറ്റമാണ് നടത്തിയത്. സംസ്ഥാനത്ത് ബിജെപിയുടെയും ഹിമന്ത ബിശ്വ ശർമ്മയുടെയും സ്വാധീനം അടിവരയിടുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം.
NDA Secures Hat-trick Victory in Assam with 102 Seats













