
നീറ്റ് പുനപ്പരീക്ഷയുടെ ചോദ്യപേപ്പർ ചോരാതിരിക്കാൻ മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള അതീവ കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ.). ഇത്തവണ ചോദ്യപേപ്പർ തയ്യാറാക്കുന്ന വിദഗ്ധർക്കും അധ്യാപകർക്കും പരീക്ഷ കഴിയുന്നതുവരെ കടുത്ത നിയന്ത്രണങ്ങളോടെയുള്ള ‘രഹസ്യവാസം’ ഏർപ്പെടുത്തിയിരിക്കുകയാണ്. മൊബൈൽ ഫോൺ, ഇന്റർനെറ്റ് ഉൾപ്പെടെയുള്ള എല്ലാ ആശയവിനിമയ സംവിധാനങ്ങളും വിലക്കി പൂർണ്ണ സമയ നിരീക്ഷണത്തിലാണ് ഈ അധ്യാപക സംഘം. വിവർത്തകർ ഉൾപ്പെടെയുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും പുനപ്പരീക്ഷ നടക്കുന്ന ജൂൺ 21 വരെ ഈ നിയന്ത്രണങ്ങൾ തുടരുമെന്നുമാണ് വിവരം.
നേരത്തെ നടത്തിയ പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ് എൻ.ടി.എ. ‘അറ്റകൈ’ പ്രയോഗത്തിന് മുതിർന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇത്തവണ ചോദ്യപേപ്പറുകൾ സുരക്ഷിതമായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ സഹായം തേടാൻ തീരുമാനിച്ചു. ചോദ്യപേപ്പർ അച്ചടി, സംഭരണം, വിതരണം എന്നിവയ്ക്കും വ്യോമസേനയുടെ മേൽനോട്ടത്തിൽ അധിക സുരക്ഷ ഉറപ്പാക്കും. പരീക്ഷാ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി തെലങ്കാനയിൽ ചേർന്ന യോഗത്തിൽ എൻ.ടി.എ. ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് ആണ് ഈ സുപ്രധാന വിവരങ്ങൾ വ്യക്തമാക്കിയത്.
അതേസമയം, പുനപ്പരീക്ഷയുടെ ചോദ്യങ്ങളും ചോർന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അധികൃതർ അറിയിച്ചു. പരീക്ഷയുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്താൻ കർശനമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും എൻ.ടി.എ. ഡയറക്ടർ ജനറൽ വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കാനും പരീക്ഷ കുറ്റമറ്റ രീതിയിൽ നടത്താനും വ്യോമസേന ഉൾപ്പെടെയുള്ള സംവിധാനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള കനത്ത ജാഗ്രതയിലാണ് അധികൃതർ.
NEET Retest: IAF to Air-Lift Question Papers; Strict Lockdown and No Internet for Question Framers














