
തലശ്ശേരി: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായ വകുപ്പ് മേധാവി ഡോ. എം.കെ. റാം റിമാൻഡിൽ. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് ഒളിവിൽ പോയ ഇയാളെ നീണ്ട നാളത്തെ അന്വേഷണത്തിനൊടുവിൽ കുടകിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഒളിവിൽ കഴിയുന്നതിനായി പ്രതി താടി വെച്ച് രൂപം മാറ്റിയിരുന്നതായി പോലീസ് കണ്ടെത്തി.
നേരത്തെ പ്രതിയെ തേടി അന്വേഷണ സംഘം ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ എത്തിയിരുന്നെങ്കിലും ഇയാൾ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 10-നാണ് നിതിൻ രാജിനെ കോളേജ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയായ ഡോ. എം.കെ. റാം തങ്ങളെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായി മറ്റ് വിദ്യാർത്ഥികളും പോലീസിന് മൊഴി നൽകിയിരുന്നു.
വകുപ്പ് മേധാവിയിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിടുന്നതായി നിതിൻ രാജ് നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. കേസിൽ അധ്യാപകരായ ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവരാണ് പ്രതികൾ. സംഭവത്തെ തുടർന്ന് ഈ രണ്ട് അധ്യാപകരെയും കോളേജ് മാനേജ്‌മെന്റ് നേരത്തെ പുറത്താക്കിയിരുന്നു. കേസിൽ രണ്ടാം പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
Nithin Raj Suicide Case: Main Accused Dr. M.K. Ram Remanded in Judicial Custody










