നിതിൻ രാജ് എന്ന വിദ്യാർഥിയുടെ മരണത്തോടെ വിവാദത്തിലായ കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജിന് തിരിച്ചടി. കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത് ചട്ടങ്ങൾ ലംഘിച്ച് കൈവശപ്പെടുത്തിയ മിച്ചഭൂമിയിലെന്ന് താലൂക്ക് ലാൻഡ് ബോർഡിന്റെ കണ്ടെത്തൽ. ബ്രിട്ടീഷ് ഭരണകാലത്തെ കറുവപ്പട്ട തോട്ടമായിരുന്ന ഭൂമി അനധികൃതമായി തരംമാറ്റിയാണ് കോളേജ് നിർമിച്ചതെന്ന് ലാൻഡ് ബോർഡ് സ്ഥിരീകരിച്ചു. ചട്ടലംഘനം നടത്തി കൈവശം വച്ചിരിക്കുന്ന ഈ ഭൂമി തിരിച്ചുപിടിക്കാനും ലാൻഡ് ബോർഡ് ഉത്തരവിട്ടു.
അഞ്ചരക്കണ്ടി, പടുവിലായി വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മുന്നൂറ് ഏക്കറിലധികം വരുന്ന ഭൂമിയിലാണ് മെഡിക്കൽ കോളേജ്, ഡെന്റൽ, നഴ്സിംഗ് കോളേജുകൾ എന്നിവ പ്രവർത്തിക്കുന്നത്. ഭൂപരിഷ്കരണ നിയമപ്രകാരം ഇളവുകൾ ഉണ്ടെന്ന് അവകാശപ്പെട്ടാണ് ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. എന്നാൽ, ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള പരിശോധനയിൽ കെ.എൽ.ആർ ആക്ട് പ്രകാരം ഈ സ്ഥാപനങ്ങൾക്ക് ഭൂപരിധിയിൽ ഇളവിന് അർഹതയില്ലെന്ന് വ്യക്തമായി.
അബ്ദുൽ ജബ്ബാർ ഹാജിയുടെയും കുടുംബാംഗങ്ങളുടെയും പേരിൽ കൈമാറ്റം ചെയ്യപ്പെട്ട ഭൂമി, പിന്നീട് നിയമനടപടികൾ മറികടക്കാൻ വിവിധ ട്രസ്റ്റുകളുടെയും ഹോട്ടൽ കമ്പനികളുടെയും പേരിലേക്ക് മാറ്റിയിരുന്നു. ലാൻഡ് ബോർഡിന്റെ താൽക്കാലിക ഉത്തരവോടെ ജബ്ബാർ ഹാജിക്കും കുടുംബത്തിനും ഈ ഭൂമിയിലുള്ള നിയമപരമായ അവകാശം ഇല്ലാതായി. വിഷയത്തിൽ വരുംദിവസങ്ങളിലും കോടതി വ്യവഹാരങ്ങൾ തുടരുമെന്നാണ് സൂചന.
Anjarakkandy Dental College built on surplus land; Taluk Land Board orders to reclaim the property















