വനിത സംവരണ ബിൽ അംഗീകരിക്കാൻ എംപിമാർക്ക് കത്തെഴുതാൻ സ്ത്രീകളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി; തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം

വനിത സംവരണ ഭേദഗതി ബിൽ പാസാക്കുന്നതിനായി രാജ്യത്തെ എംപിമാർക്കെല്ലാം കത്തെഴുതണമെന്ന് സ്ത്രീകളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. വനിത സംവരണം ഇനിയും വൈകിപ്പിക്കുന്നത് നീതികേടാണെന്നും, 2029 മുതൽ ഇത് നടപ്പാക്കാനായില്ലെങ്കിൽ അത് ദൗർഭാഗ്യകരമാകുമെന്നും അദ്ദേഹം സ്ത്രീകൾക്ക് എഴുതിയ കത്തിൽ വ്യക്തമാക്കി. വികസിത ഇന്ത്യയിലേക്കുള്ള പ്രയാണത്തിൽ സ്ത്രീ പങ്കാളിത്തം അനിവാര്യമാണെന്നും ബിൽ പാസാക്കാൻ എംപിമാർക്കു മേൽ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റന്നാൾ ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിൽ പാസാക്കാനുള്ള നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മോദിയുടെ ഈ ആഹ്വാനം.

അതേസമയം, പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. പ്രതിപക്ഷം വനിത സംവരണത്തിന് എതിരാണെന്ന് വരുത്തിത്തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട പുതിയ നിർദ്ദേശങ്ങളെ അംഗീകരിക്കാനാവില്ലെന്ന് ഇടതുപക്ഷവും വ്യക്തമാക്കി. സമാജ്‌വാദി പാർട്ടിയും ആർജെഡിയും ബില്ലിനെ എതിർക്കാൻ ആലോചിക്കുമ്പോൾ, തൃണമൂൽ കോൺഗ്രസ് ഇതിനകം തന്നെ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്ന് മമത ബാനർജി പ്രതികരിച്ചു.

പാർലമെന്റ് സമ്മേളനം തുടങ്ങാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ, സുപ്രധാനമായ ഈ ബില്ലുകൾ ഇതുവരെ എംപിമാർക്ക് വിതരണം ചെയ്തിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. അതിനിടെ, കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ മീരാ കുമാർ പ്രധാനമന്ത്രി പങ്കെടുത്ത സമ്മേളനത്തിൽ എത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്. നാളെ മല്ലികാർജ്ജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന പ്രതിപക്ഷ യോഗം പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾക്ക് അന്തിമരൂപം നൽകും.

PM Modi urges women to write to MPs for Reservation Bill; Opposition slams move as misleading tactics

More Stories from this section

family-dental
witywide