ലക്ഷ്യം പിഴയ്ക്കാതെ പാഞ്ഞെത്തിയ വെടിയുണ്ട ഹൃദയം തുളച്ചു, ബംഗാളിനെ നടുക്കി ‘പ്രൊഫഷണൽ കില്ലിംഗ്’: സുവേന്ദു അധികാരിയുടെ വിശ്വസ്തനെ കൊന്നത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്

കൊൽക്കത്ത: ഒരു സിനിമയെ വെല്ലുന്ന രീതിയിലുള്ള ആസൂത്രണവും കൃത്യതയുമാണ് ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ ചന്ദ്രനാഥ് രഥിൻ്റെ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ്. സുവേന്ദു അധികാരിയുടെ വിശ്വസ്തനായ രഥിനെ വകവരുത്താൻ അക്രമികൾ സ്വീകരിച്ച രീതി കണ്ട ഞെട്ടലിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ബുധനാഴ്ച രാത്രി വൈകി ചന്ദ്രനാഥ് രഥ് തൻ്റെ വെള്ള സ്കോർപിയോ എസ്‌യുവിയിൽ മടങ്ങുമ്പോഴാണ് സംഭവം. നോർത്ത് 24 പർഗാനാസിലെ മധ്യഗ്രാമിന് സമീപം ദൊഹാരിയയിൽ വെച്ച് ബൈക്കിലെത്തിയ സംഘം കാറിനെ പിന്തുടർന്നു. വിജനമായ സ്ഥലത്തെത്തിയപ്പോൾ ബൈക്ക് യാത്രക്കാർ കാറിനെ മറികടക്കുകയും തടഞ്ഞുനിർത്തുകയും ചെയ്തു. അതിവിദഗ്ധരായ ഷൂട്ടർമാരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് ഉറപ്പിച്ചു പറയുന്നു.

കാറിന് നേരെ കണ്ണുമടച്ച് വെടിവയ്ക്കുകയല്ല അവർ ചെയ്തത്. വശങ്ങളിൽ നിന്ന് ചന്ദ്രനാഥ് രഥിൻ്റെ ശരീരത്തിലെ കൃത്യമായ ഭാഗങ്ങൾ ലക്ഷ്യം വെച്ചാണ് വെടിയുതിർത്തത്. സാധാരണ ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ കാറിൻ്റെ മുൻവശത്തെ ചില്ലോ ബോഡിയോ തകരാറുണ്ട്. എന്നാൽ ഇവിടെ ഒരു വെടിയുണ്ട പോലും വാഹനത്തിൻ്റെ ബോഡിയിലോ വിൻഡ്ഷീൽഡിലോ തട്ടിയിട്ടില്ല. ഡ്രൈവർ സീറ്റിന് തൊട്ടടുത്തിരുന്നിട്ടും ചന്ദ്രനാഥിനെ മാത്രമാണ് അക്രമികൾ ലക്ഷ്യമിട്ടത്. ശരീരത്തിൻ്റെ വലതുഭാഗത്തും നെഞ്ചിലുമായി ഏറ്റ വെടിയുണ്ടകൾ ഹൃദയം തുളച്ചുകയറി. ചന്ദ്രനാഥ് രഥിൻ്റെ മരണം ഉറപ്പാക്കിയ ശേഷമാണ് അക്രമികൾ സ്ഥലം വിട്ടത്.

ജീവനെടുത്തത് ഷാർപ്പ് ഷൂട്ടർമാർ?

ഇതൊരു സാധാരണ ആക്രമണമല്ല, മറിച്ച് തികച്ചും പ്രൊഫഷണലായ രീതിയിൽ നടപ്പിലാക്കിയ ഒന്നാണ്” എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മുൻ വ്യോമസേന ഉദ്യോഗസ്ഥൻ കൂടിയായ രഥിനെ വകവരുത്താൻ അക്രമികൾ മുൻകൂട്ടി പദ്ധതി തയ്യാറാക്കുകയും അദ്ദേഹത്തിൻ്റെ സഞ്ചാരപഥം നിരീക്ഷിക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് വിശ്വസിക്കുന്നു. വാഹനത്തിന്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്യുന്നത്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ തൃണമൂൽ കോൺഗ്രസിന് വലിയ ആഘാതം ഏൽപ്പിച്ചുകൊണ്ടാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി വൻ മുന്നേറ്റം നടത്തിയത്. മമതാ ബാനർജിയുടെ കോട്ടയായിരുന്ന സംസ്ഥാനത്ത് 294 സീറ്റുകളിൽ 207 എണ്ണത്തിലും വിജയിച്ച് ബിജെപി അധികാരം പിടിച്ചടക്കി. ബിജെപിയുടെ ഈ വൻ വിജയത്തിന് തൊട്ടുപിന്നാലെയാണ് സുവേന്ദു അധികാരിയുടെ ഏറ്റവും അടുത്ത അനുയായിയും വിശ്വസ്തനുമായ ചന്ദ്രനാഥ് രഥ് കൊല്ലപ്പെടുന്നത്. ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിൽ വിറളി പൂണ്ടവരുടെ പകയാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ് പാർട്ടി ആരോപിക്കുന്നത്.

Police say the killing of Suvendu Adhikari’s confidant was well-planned

More Stories from this section

family-dental
witywide