ബംഗാൾ മുഖ്യമന്ത്രിയുടെ പിഎ ചന്ദ്രനാഥ് രഥിനെ കൊലപ്പെടുത്തിയ 3 പേർ ബിഹാറിൽ നിന്ന് പിടിയിൽ: കുടുക്കിയത് യുപിഐ ഇടപാട്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റൻ്റ് ചന്ദ്രനാഥ് രഥിൻ്റെ കൊലപാതകത്തിൽ നിർണ്ണായക വഴിത്തിരിവ്. കൊലയാളി സംഘം സഞ്ചരിച്ച വാഹനത്തിൻ്റെ ടോൾ പേയ്‌മെന്റ് ഡിജിറ്റലായി നൽകിയതാണ് പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബിഹാറിലെ ബക്‌സറിൽ നിന്ന് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൗറയിലെ ബാലി ടോൾ പ്ലാസയിൽ വെച്ച് പ്രതികൾ നടത്തിയ യുപിഐ ഇടപാടാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. ടോൾ പ്ലാസ കടക്കുന്നതിനിടെ പ്രതികൾ യുപിഐ വഴി പണമടച്ചിരുന്നു. ഈ ട്രാൻസാക്ഷൻ പിന്തുടർന്ന ഉദ്യോഗസ്ഥർക്ക് ഒരു പ്രതിയുടെ മൊബൈൽ നമ്പറും ബാങ്ക് വിവരങ്ങളും ലഭിച്ചു. ഇതിന് പുറമെ ടോൾ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികൾ സഞ്ചരിച്ച സിൽവർ നിറത്തിലുള്ള കാറും തിരിച്ചറിഞ്ഞു.

ബംഗാളിൽ നിന്നുള്ള പൊലീസ് സംഘം ബിഹാറിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായതെന്ന് ബക്‌സർ എസ്പി ശുഭം ആര്യ സ്ഥിരീകരിച്ചു. കൊലപാതകത്തിന് തൊട്ടുമുൻപാണ് പ്രതികൾ ഈ ടോൾ പ്ലാസ കടന്നുപോയത്. ഡിജിറ്റൽ തെളിവുകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് കേസിലെ ദുരൂഹത നീക്കാൻ സഹായിച്ചത്. 5-ലധികം കേസുകളിൽ പ്രതിയായ വിശാൽ ശ്രീവാസ്തവ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.

ചന്ദ്രനാഥ് രഥ്, മെയ് 6-ന് രാത്രി 10:30-ഓടെയാണ് കൊല്ലപ്പെട്ടത്. നോർത്ത് 24 പർഗാനാസിലെ മധ്യംഗ്രാമിലുള്ള തൻ്റെ വീടിന് സമീപം ദോഹാരിയ ക്രോസിംഗിൽ വെച്ചായിരുന്നു ആക്രമണം. ചന്ദ്രനാഥ് സഞ്ചരിച്ചിരുന്ന മഹീന്ദ്ര സ്കോർപിയോ തടഞ്ഞുനിർത്തിയ അക്രമിസംഘം പോയിൻ്റ് ബ്ലാങ്കിൽ എട്ട് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. നെഞ്ചിലും വയറിലുമായി മൂന്ന് വെടിയേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രൊഫഷണൽ വാടകക്കൊലയാളികളാണ് ഈ കൃത്യം നിർവ്വഹിച്ചതെന്നാണ് പൊലീസ് ആദ്യമേ കണ്ടെത്തിയത്. സിൽവർ നിറത്തിലുള്ള ഹാച്ച്ബാക്ക് കാറിലും ബൈക്കിലുമായെത്തിയ അക്രമികൾ കേവലം 50 സെക്കൻഡിനുള്ളിൽ കൊലപാതകം നടത്തി രക്ഷപ്പെട്ടിരുന്നു. സംഭവസ്ഥലത്തുനിന്ന് ഗ്ലോക്ക് 47X പിസ്റ്റളിൻ്റെ വെടിയുണ്ടകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ആക്രമണത്തിൽ ചന്ദ്രനാഥിൻ്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സുവേന്ദു അധികാരി ആരോപിക്കുമ്പോൾ, ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിച്ചുവരികയാണ്.

More Stories from this section

family-dental
witywide