പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോയിൽ കടുത്ത അഭിപ്രായ ഭിന്നതയെന്ന് റിപ്പോർട്ടുകൾ. ഓൺലൈനായി ചേർന്ന പിബി യോഗത്തിൽ പങ്കെടുത്തവരിൽ ഏഴോളം പേർ പിണറായിയുടെ നിയമനത്തെ ശക്തമായി എതിർത്തു. തുടർന്ന് നടന്ന വോട്ടെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിലാണ് പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടരട്ടെയെന്ന തീരുമാനത്തിലേക്ക് കേന്ദ്ര നേതൃത്വം എത്തിയത്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സംസ്ഥാന ഘടകത്തിൽ ഉണ്ടായ തർക്കങ്ങളാണ് വിഷയം പിബിയുടെ പരിഗണനയ്ക്ക് വിടാൻ കാരണമായത്.
അതേസമയം, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിട്ടും സംസ്ഥാന സെക്രട്ടറിയോ പിണറായി വിജയനോ മറുപടി നൽകാൻ തയ്യാറായില്ല. തോൽവിയുടെ കാരണങ്ങൾ ബ്രാഞ്ച് തലം വരെ വിശദമായി പരിശോധിച്ച് റിപ്പോർട്ട് വന്ന ശേഷം അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിൽ കൃത്യമായ മറുപടി നൽകാമെന്നാണ് നേതൃത്വം വ്യക്തമാക്കിയത്. വോട്ടുകച്ചവടം നടന്നെന്ന വാദങ്ങൾ തള്ളിയ യോഗം, പരാജയത്തിന് പ്രധാന കാരണം സംഘടനാപരമായ വീഴ്ചയാണെന്ന് വിലയിരുത്തി.
സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെ മെയ് 21, 22 തീയതികളിൽ കേന്ദ്ര സെക്രട്ടേറിയറ്റ് യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് തിരിച്ചടിയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഈ യോഗത്തിൽ പ്രധാന ചർച്ചയാകും. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാൻ എടുത്ത തീരുമാനവും അതിനെതിരെ ഉയർന്ന വിയോജിപ്പുകളും കേന്ദ്ര സെക്രട്ടേറിയറ്റിലും വീണ്ടും ഉയർന്നുവരാൻ സാധ്യതയുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
Rifts in CPM Politburo Over Pinarayi Vijay’s Appointment as Opposition Leader










