സെന്റ്പീറ്റേഴ്സ് ബർഗ്: ലോകത്ത് സാമ്പത്തിക വലുപ്പത്തിൽ ജി 7 രാജ്യങ്ങളെ ബ്രിക്‌സ് കൂട്ടായ്മ മറികടന്നതായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ. സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ (SPIEF 2026) സംസാരിക്കവേയാണ് പുതിൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഈ മുന്നേറ്റം വരും വർഷങ്ങളിൽ ഇനിയും ശക്തമാകുമെന്നും ആഗോള സാമ്പത്തിക വളർച്ചയുടെ കേന്ദ്രം ക്രമേണ ഗ്ലോബൽ സൗത്ത് രാജ്യങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും പുതിൻ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തെ ആഗോള ആഭ്യന്തര ഉത്പ്പാദനത്തിൻ്റെ വളർച്ച പരിശോധിച്ചാൽ, അതിന്റെ പകുതിയോളം (49%) സംഭാവന ചെയ്തത് ബ്രിക്‌സ് രാജ്യങ്ങളാണ്. എന്നാൽ, ജി7 രാജ്യങ്ങളുടെ വിഹിതം വെറും 18% മാത്രമാണ്. ജി7 രാജ്യങ്ങൾ പരമാവധി 1.1% വളർച്ചാ നിരക്ക് കൈവരിക്കുമ്പോൾ, ബ്രിക്സ് രാജ്യങ്ങൾ 4 ശതമാനത്തിലധികം വളർച്ച നേടുമെന്നും 2020-ൽ തന്നെ ജി7-നെ ബ്രിക്സ് മറികടന്നുവെന്നും ഈ വിടവ് ഇനിയും വർദ്ധിക്കുമെന്നും പുതിൻ വ്യക്തമാക്കി.
അതേസമയം, റഷ്യയുടെ പ്രധാന പങ്കാളി എന്നാണ് പുതിൻ ഇന്ത്യയെ വിശേഷിപ്പിച്ചത്. ആഗോള സോഫ്റ്റ്‌വെയർ വിപണിയിൽ വലിയ പങ്കുവഹിക്കുന്ന ഇന്ത്യ, ഐടി വ്യവസായത്തിലെ ഏറ്റവും വലിയ ശക്തികളിലൊന്നാണ്. ആഗോള കയറ്റുമതിയുടെ 20 ശതമാനവും ഇപ്പോൾ ബ്രിക്‌സ് രാജ്യങ്ങളുടെ വിഹിതമാണ്. അംഗരാജ്യങ്ങൾക്കിടയിലുള്ള വ്യാപാരം പ്രതിവർഷം 1 ട്രില്യൺ ഡോളറിന് മുകളിലെത്തിയതായും സാമ്പത്തിക വ്യവസ്ഥയുടെയും വ്യാപാരത്തിന്റെയും കേന്ദ്രം പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് മാറിക്കൊണ്ടിരിക്കുകയാണെന്നും പുതിൻ പറഞ്ഞു.
അമേരിക്കൻ ഡോളറിന് ബ്രിക്സ് കൂട്ടായ്‌മ ഭീഷണിയാണെന്നും അംഗരാജ്യങ്ങൾക്ക് മേൽ 100% താരിഫ് ചുമത്തുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിന്റെ ഈ ഉറച്ച നിലപാട്. നിലവിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവർക്ക് പുറമെ ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, യുഎഇ എന്നീ രാജ്യങ്ങളും ബ്രിക്സ് സഖ്യത്തിന്റെ ഭാഗമാണ്. ബ്രിക്സിന്റെ അധ്യക്ഷസ്ഥാനം ഈ വർഷം ഇന്ത്യയ്ക്കാണ്.
Russian President says BRICS group has surpassed G7 countries in economic size; Putin says India is Russia’s main partner











