ഗൂഢാലോചനയോ? സുകുമാരക്കുറുപ്പ് ബ്രൂണോയിലെന്ന വ്യാജ പ്രചാരണം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്; റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കും

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ബ്രൂണെയിൽ കണ്ടെത്തിയെന്ന വ്യാജ പ്രചാരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. സംഭവത്തിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ ഉൾപ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള തുടരന്വേഷണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ, നിലവിലെ ക്രൈംബ്രാഞ്ച് സംഘം തന്നെയാകും പുതിയ വ്യാജ പ്രചാരണത്തിലെ ഗൂഢാലോചനയും അന്വേഷിക്കുക. ചിത്രത്തിലുള്ളത് കുറുപ്പല്ലെന്ന് വ്യക്തമായതോടെ ഇന്റർപോളിന് കത്തയക്കാനുള്ള നീക്കം ക്രൈംബ്രാഞ്ച് ഉപേക്ഷിച്ചു.

കഴിഞ്ഞ 42 വർഷമായി കേരള പൊലീസ് അന്വേഷിക്കുന്ന സുകുമാരക്കുറുപ്പ് ഇപ്പോഴും ഇന്റർപോളിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുണ്ട്. രോഗിയായിരുന്ന കുറുപ്പ് മരിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിക്കാൻ പൊലീസ് നീക്കം നടത്തുന്നതിനിടെയാണ് ബ്രൂണെയിലെ ചിത്രത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുണ്ടാകുന്നത്. ഇത് പൊലീസിന് വീഴ്ച പറ്റിയെന്ന തരത്തിൽ വലിയ വാർത്തയായെങ്കിലും, ധൃതിപിടിച്ച് പ്രതികരിക്കാതെ ഇന്റർപോളിന്റെ വിവരശേഖരണത്തിന് ശേഷം മാത്രം തുടർനടപടികൾ മതിയെന്നായിരുന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം.

ചിത്രത്തിലുണ്ടായിരുന്നത് തൃശൂർ സ്വദേശിയാണെന്ന് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതോടെയാണ് ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. മുൻ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ അലി അക്ബറും കൊച്ചിയിലെ സൈബർ വിദഗ്ദ്ധനുമാണ് ഈ വെളിപ്പെടുത്തലിന് പിന്നിൽ പ്രവർത്തിച്ചത്. അന്വേഷണം വഴിതെറ്റിക്കാനും കണ്ടെത്തലുകളെ താറടിച്ചുകാണിക്കാനുമുള്ള ബോധപൂർവ്വ ശ്രമമാണോ ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരു മാസത്തിനകം കുറുപ്പിന്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് ഈ വ്യാജ പ്രചാരണത്തിന് പിന്നിലെ ലക്ഷ്യവും അന്വേഷണ റിപ്പോർട്ടിന്റെ ഭാഗമാക്കും.

Sukumara Kurup Fake News: Crime Branch to Probe Conspiracy; Final Report in One Month

More Stories from this section

family-dental
witywide