പ്രായപൂർത്തിയാകാത്ത 15-കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി സുപ്രീംകോടതി. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജ്വൽ ഭൂയാൻ എന്നിവർ അധ്യക്ഷരായ ബെഞ്ചാണ് അനുമതി നൽകിയത്. സ്ത്രീയെ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അവളുടെ താത്പര്യത്തിന് വിരുദ്ധമായി ഗർഭധാരണം തുടരാൻ നിർബന്ധിക്കാൻ ഒരു കോടതിക്കും കഴിയില്ലെന്നും ഇക്കാര്യത്തിൽ സ്ത്രീയുടെ സ്വന്തം തീരുമാനത്തിനാണ് മുൻഗണനയെന്നും സുപ്രീം കോടതി വിധിയിൽ പറഞ്ഞു.
സ്വന്തം ശരീരത്തെ കുറിച്ചുള്ള തീരുമാനമെടുക്കാനുള്ള അവകാശം, പ്രത്യേകിച്ച് പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, വ്യക്തിസ്വാതന്ത്ര്യത്തിന്റേയും സ്വകാര്യതയുടേയും അവിഭാജ്യഘടകമാണെന്ന് ഭരണഘടനയുടെ 21-ാം അനുഛേദം ചൂണ്ടിക്കാട്ടി സുപ്രീം കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയായി തുടരാൻ നിർബന്ധിക്കുന്നത് അവളുടെ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്. ഇത് ഗുരുതരമായ ശാരീരികവും മാനസികവും വൈകാരികവുമായ ആഘാതത്തിന് കാരണമാകുമെന്നും കോടതി പറഞ്ഞു.
കുട്ടിയെ ദത്ത് നൽകാനായി വിട്ടുനൽകണമെന്ന എതിർഭാഗത്തിന്റെ വാദം സുപ്രീം കോടതി ചെവിക്കൊണ്ടില്ല. ഇത്തരം ന്യായങ്ങൾ കൊണ്ട് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയുടെ ആഗ്രഹത്തെയും ക്ഷേമത്തെയും മറികടക്കാനാകില്ലെന്നാണ് ഇതിനോട് കോടതി പ്രതികരിച്ചത്. ഇത്തരം കേസുകളിൽ അനുമതി നിഷേധിക്കുന്നത് നിയമവിരുദ്ധവും സുരക്ഷിതമല്ലാത്തതുമായ ഗർഭഛിദ്രത്തിലേക്ക് സ്ത്രീകളെ തള്ളിവിടും. ഇത് ആരോഗ്യത്തെ അപകടത്തിലാക്കുന്ന സാധ്യതകൾ വർധിപ്പിക്കും.
കുട്ടി ചില മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നും ആത്മഹത്യാശ്രമങ്ങൾ നടത്തിയന്നുമുള്ള വാദങ്ങൾ കോടതി മുഖവിലയ്ക്കെടുത്തു. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമത്തിൽ പറയുന്ന കാലയളവ് പിന്നിട്ട പെൺകുട്ടിയുടെ ഗർഭഛിദ്രത്തിന് അനുമതി തേടി അമ്മയാണ് കോടതിയെ സമീപിച്ചത്. പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയിൽ നിന്നാണ് പെൺകുട്ടി ഗർഭിണിയായത്. ഗർഭം തുടരാനും പ്രസവിക്കാനും കുട്ടിക്ക് താത്പര്യമില്ലായിരുന്നു.
Supreme Court allows 15-year-old to get abortion; no one can force a woman if she doesn’t want it















