മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ പൊതുയോഗം, ട്രിച്ചിയിൽ ആവേശം വിതറി വിജയ്; ‘മുഖ്യമന്ത്രിയല്ല, മുഖ്യ സേവകൻ’, തമിഴ്‌നാട്ടിൽ മത്സരം സ്റ്റാലിനും താനും തമ്മിൽ മാത്രമെന്നും പ്രഖ്യാപനം

തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ തിരുച്ചിറപ്പള്ളിയിൽ (ട്രിച്ചി) എത്തിയ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്ക്ക് ജനങ്ങളുടെ വൻ വരവേൽപ്പ്. വോട്ടർമാർക്ക് നന്ദി പറയാൻ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ സംഘടിപ്പിച്ച പൊതുയോഗ വേദിയിലേക്ക് വൻ റോഡ്ഷോയോടെയാണ് അദ്ദേഹം എത്തിയത്. ‘തമിഴ് തായ് വാഴ്ത്ത്’ ആലപിച്ചുകൊണ്ട് ആരംഭിച്ച യോഗത്തിൽ തന്റെ പ്രിയപ്പെട്ട ശൈലിയിൽ “എൻ നെഞ്ചിൽ കുടിയിരിക്കും തമിഴക മക്കളേ” എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് വിജയ് പ്രസംഗം തുടങ്ങിയത്. താൻ മുഖ്യമന്ത്രിയല്ല, ജനങ്ങളുടെ ‘മുഖ്യ സേവകൻ’ മാത്രമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കറുപ്പും വെളുപ്പും ചേർന്ന തന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള ചർച്ചകളെ പരാമർശിച്ച അദ്ദേഹം, നിങ്ങളും നിങ്ങളുടെ വിമർശനങ്ങളുമാണ് തന്റെ ഊർജ്ജമെന്ന് വ്യക്തമാക്കി.

പൊതുയോഗത്തിൽ ഡിഎംകെയ്ക്കും തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമെതിരെ കടുത്ത രാഷ്ട്രീയ വിമർശനങ്ങളാണ് വിജയ് ഉയർത്തിയത്. തമിഴ്‌നാട്ടിൽ ഇനി രാഷ്ട്രീയ മത്സരം ഡിഎംകെയും ടിവികെയും തമ്മിൽ മാത്രമാണെന്നും ഇതിനിടയിൽ മറ്റാരുമില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. “തനിക്ക് എതിരാളികൾ ഇല്ലെന്ന് ആരും പറയരുത്. ഈ മത്സരം സ്റ്റാലിനും വിജയ്‌യും തമ്മിൽ മാത്രമാണ്. തന്നെ തടയാൻ ശ്രമിച്ച സ്റ്റാലിനും ജനങ്ങൾക്കായി വന്ന വിജയ്‌യും തമ്മിലുള്ള പോരാട്ടമാണിത്,” എന്ന് വിജയ് തുറന്നടിച്ചു. തനിക്കെതിരെ പ്രതിപക്ഷം നടത്തിയ ‘തർക്കുറി’ (വിവരമില്ലാത്തവൻ) പ്രയോഗങ്ങൾക്കും വിമർശനങ്ങൾക്കും അക്കമിട്ട് മറുപടി നൽകിയ അദ്ദേഹം, ഡിഎംകെ നേതാക്കൾ ജനങ്ങൾക്കിടയിൽ ഇറങ്ങാതെ സോഷ്യൽ മീഡിയയിൽ മാത്രം സജീവമാകുന്നതിനെ പരിഹസിക്കുകയും ചെയ്തു.

തനിക്കൊപ്പം നിന്ന തമിഴ്‌നാട്ടിലെ മുഴുവൻ ജനങ്ങൾക്കും വിജയ് നന്ദി രേഖപ്പെടുത്തി. “തനിക്കെതിരെ സംസാരിക്കുന്നവരെ ഇത്രയും നാൾ നിങ്ങൾക്ക് വോട്ട് ചെയ്തവർ തന്നെയല്ലേ നേരിട്ടത്” എന്ന് ചോദിച്ച വിജയ്, അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് പ്രസംഗം തുടർന്നത്. തന്നെയും തമിഴ് ജനതയെയും തമ്മിൽ അകറ്റാൻ ആർക്കും കഴിയില്ല. ഭരണഘടന അനുവദിക്കുന്ന കാര്യങ്ങൾ മാത്രമാണ് താൻ ചെയ്തിട്ടുള്ളത്. പെരമ്പലൂരും ട്രിച്ചിയും തന്റെ രണ്ട് കണ്ണുകൾ പോലെയാണ്. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ നിങ്ങളിൽ ഒരാളെത്തന്നെയായിരിക്കും ടിവികെ സ്ഥാനാർത്ഥിയാക്കുകയെന്നും വരും തെരഞ്ഞെടുപ്പുകളിലും ജനങ്ങളുടെ ഈ പിന്തുണ തനിക്കുണ്ടാകുമെന്ന വിശ്വാസമുണ്ടെന്നും വിജയ് കൂട്ടിച്ചേർത്തു.

Tamil Nadu CM Vijay’s First Public Meeting in Trichy: Declares Direct Political Fight Between TVK and DMK

Also Read

More Stories from this section

family-dental
witywide