ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ സി.ജെ.പി നടത്തുന്ന സമരത്തിനെതിരെ കടുത്ത നടപടിയുമായി പോലീസ്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ജന്തർ മന്ദറിലെ സമരപ്പന്തൽ പോലീസ് പൂർണ്ണമായി പൊളിച്ചുനീക്കുകയും സമരക്കാരെ അടിച്ചോടിക്കുകയും ചെയ്തു. സോനം വാങ്ചുക്ക് അടക്കമുള്ളവർ നിരാഹാര സമരം അനുഷ്ഠിച്ച വേദിയാണ് പോലീസ് ബലംപ്രയോഗിച്ച് നീക്കിയത്. ലാത്തിച്ചാർജ് നടത്തിയും കണ്ണീർവാതകം പ്രയോഗിച്ചുമാണ് സമരക്കാരെ സംഭവസ്ഥലത്തുനിന്ന് മാറ്റിയത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് ദ്രുതകർമസേനയെ വിന്യസിച്ചിട്ടുണ്ട്.
പോലീസ് നടപടിക്ക് പിന്നാലെ അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ സമരക്കാർ പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചതോടെ തലസ്ഥാന നഗരി പൂർണ്ണമായും സംഘർഷഭരിതമായി. ബാരിക്കേഡുകൾ ഉപയോഗിച്ച് പോലീസ് മാർച്ച് തടഞ്ഞെങ്കിലും പ്രതിഷേധക്കാർ മുന്നോട്ട് നീങ്ങാൻ ശ്രമിച്ചു. ഇതേത്തുടർന്ന് പാർലമെന്റ് മന്ദിരത്തിന് സമീപം പോലീസ് വീണ്ടും ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. സുരക്ഷ മുൻനിർത്തി പാർലമെന്റിന്റെ ഗേറ്റുകൾ അടയ്ക്കുകയും ഡൽഹിയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
സി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതിനെ തുടർന്ന് ഡൽഹിയിലെ പ്രധാന മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചുപൂട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായാണ് സംഘടനകൾ സമരം ശക്തമാക്കിയത്. തലസ്ഥാനത്തെ സ്ഥിതിഗതികൾ വഷളായതോടെ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി പാർലമെന്റിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
Tensions Escalate in Delhi: Police Demolish Jantar Mantar Protest Site, Crack Down on Protesters















