
ചെന്നൈ: തമിഴ്‌നാട്ടിലെ പുതിയ ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിനെതിരെയും മുഖ്യമന്ത്രി വിജയ്‌ക്കെതിരെയും രൂക്ഷവിമർശനവുമായി മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ രംഗത്തെത്തി. തമിഴ്‌നാട്ടിൽ നിലവിലുള്ള വിജയ് സർക്കാർ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കില്ലെന്നും അത് പൂർണ്ണമായും ഡിഎംകെയുടെ കാരുണ്യത്തിലാണ് മുന്നോട്ട് പോകുന്നതെന്നും സ്റ്റാലിൻ അവകാശപ്പെട്ടു. ചെന്നൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ നടന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഒരു രാഷ്ട്രീയ തരംഗമല്ല, മറിച്ച് കേവലം ഒരു “സിനിമാ സുനാമി” മാത്രമാണെന്ന് സ്റ്റാലിൻ പരിഹസിച്ചു. രാഷ്ട്രീയ ബോധ്യത്തേക്കാൾ ഉപരിയായി, ഒരു ജനപ്രിയ സിനിമാതാരത്തോടുള്ള ആരാധനയും ആവേശവും മാത്രമാണ് വോട്ടർമാരെ സ്വാധീനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “തങ്ങളുടെ പ്രിയപ്പെട്ട നടൻ പാർട്ടി തുടങ്ങിയതുകൊണ്ട് ആളുകൾ ആവേശത്തോടെ വോട്ട് ചെയ്തു. കുട്ടികൾക്ക് പുതിയ കളിപ്പാട്ടം കിട്ടുമ്പോൾ കുറച്ചു ദിവസത്തേക്ക് വലിയ താല്പര്യമായിരിക്കും, എന്നാൽ വൈകാതെ ആ താല്പര്യം നഷ്ടപ്പെടും. ഒരു കുട്ടി ഒടുവിൽ അമ്മയെ തിരയുന്നത് പോലെ തമിഴ്നാട്ടിലെ വോട്ടർമാർ വീണ്ടും ഡിഎംകെയെത്തന്നെ തിരയും” – സ്റ്റാലിൻ പറഞ്ഞു.
താഴെത്തട്ടിൽ കൃത്യമായ രാഷ്ട്രീയ സംഘടനയോ ബൂത്ത് ഏജൻ്റുമാരോ പോലുമില്ലാതെയാണ് ടിവികെ മത്സരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ വഴി കുട്ടികളെ സ്വാധീനിച്ച്, മാതാപിതാക്കളെക്കൊണ്ട് വോട്ട് ചെയ്യിച്ചാണ് വിജയ് അധികാരത്തിലെത്തിയതെന്നും സ്റ്റാലിൻ ആരോപിച്ചു. വരാനിരിക്കുന്ന സാഹചര്യങ്ങൾ നേരിടാൻ പാർട്ടി അണികൾ സജ്ജരായിരിക്കണമെന്നും, തമിഴ്‌നാട്ടിൽ എപ്പോൾ വേണമെങ്കിലും ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടായേക്കാമെന്നും അദ്ദേഹം സൂചന നൽകി.
ഏപ്രിലിൽ നടന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ്‌യുടെ ടിവികെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. എന്നാൽ ഭൂരിപക്ഷ സംഖ്യയായ 118 തികയ്ക്കാൻ സാധിക്കാത്തതിനെ തുടർന്ന്, കോൺഗ്രസ് ഉൾപ്പെടെയുള്ള ഡിഎംകെ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് മേയ് 10-ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റത്. സർക്കാർ രൂപീകരണത്തിൻ്റെ ആദ്യ ആറുമാസം തങ്ങൾ ഭരണത്തിൽ ഇടപെടില്ലെന്ന് ഡിഎംകെ അറിയിച്ചിരുന്നെങ്കിലും, പുതിയ മുഖ്യമന്ത്രി വിജയ് അധികാരമേറ്റ ഉടൻ തന്നെ മുൻ ഡിഎംകെ സർക്കാർ ഖജനാവ് ശൂന്യമാക്കിയെന്ന ആരോപണം ഉന്നയിച്ചതോടെയാണ് ഇരു പാർട്ടികളും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം കടുത്തത്.
”The Tamil Nadu government is operating at the mercy of the DMK, the Vijay wave will not last long” – said, MK Stalin












