വിരമിച്ച ശേഷവും വാഹനത്തിൽ ഡിജിപിയുടെ സ്റ്റാർ ബോർഡ്, തച്ചങ്കരിക്കെതിരെ കേസെടുക്കാൻ പൊലീസ് മേധാവിയുടെ ഉത്തരവ്

സർവീസിൽ നിന്ന് വിരമിച്ച ശേഷവും നിയമവിരുദ്ധമായി ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ കേസെടുക്കാൻ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉത്തരവിട്ടു. വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും തന്റെ സ്വകാര്യ വാഹനത്തിൽ ഡിജിപിയുടെ സ്റ്റാർ ബോർഡ് പതിപ്പിച്ച് യാത്ര ചെയ്തതാണ് നടപടിക്ക് ആധാരം. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ കോട്ടയം എസ്പി നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ ചട്ടലംഘനം നടന്നതായി കണ്ടെത്തിയിരുന്നു.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും ഗതാഗത നിയമങ്ങൾ ലംഘിച്ചതിനുമാണ് തച്ചങ്കരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കോട്ടയം എസ്പിക്ക് നിർദേശം നൽകിയിരിക്കുന്നത്. സർവീസിൽ ഇല്ലാത്ത ഒരാൾ ഇത്തരം ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമായാണ് കണക്കാക്കുന്നത്. കോട്ടയത്ത് വെച്ചാണ് സ്റ്റാർ ബോർഡ് പതിപ്പിച്ച തച്ചങ്കരിയുടെ വാഹനം ക്യാമറയിൽ പതിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രാഥമിക പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.

വിരമിച്ച ശേഷം കഴിഞ്ഞ മൂന്ന് വർഷമായി ഇദ്ദേഹം ഇത്തരത്തിൽ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടക്കും. ഉയർന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഒരാൾ തന്നെ ഇത്തരത്തിൽ ചട്ടങ്ങൾ ലംഘിച്ചത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ ടോമിൻ തച്ചങ്കരിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും.

Tomin Thachankary faces legal action for illegal use of official DGP symbols post-retirement