
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ എപ്പോൾ തീരുമാനിക്കുമെന്ന ചോദ്യത്തിന് മറുപടിയായി “എന്തിനാണ് ഇത്ര ധൃതിപിടിക്കുന്നത്” മറുചോദ്യവുമായി ടി പി രാമകൃഷ്ണൻ. ആദ്യം മുഖ്യമന്ത്രിയെ തീരുമാനിക്കട്ടെയെന്നും, സർക്കാർ രൂപീകരിച്ച ശേഷം പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചാൽ മതിയെന്നുമാണ് എൽ ഡി എഫ് കൺവീനറുടെ പ്രതികരണം.
“ആദ്യം സർക്കാർ അല്ലേ വരേണ്ടത്. മുഖ്യമന്ത്രി വന്നാൽ ഉടൻ പ്രതിപക്ഷ നേതാവിനെയും തീരുമാനിക്കാം” എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് തലമുറമാറ്റം ഉണ്ടാകുമോയെന്ന ചോദ്യത്തിന് അത്തരമൊരു ചർച്ച മുന്നണിയിൽ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് സി പി എം ആണെന്നും, പാർട്ടി തീരുമാനം വന്നശേഷം മുന്നണിക്കുള്ളിൽ അതിനെക്കുറിച്ച് അഭിപ്രായമുണ്ടാകുമെന്നും ടിപി പറഞ്ഞു. സിപിഐ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുതെന്ന നിലപാട് എടുത്തതായി അറിയില്ലെന്നും, പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശാ പ്രവർത്തകരുടെ സമരവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. സമരത്തിന്റെ ലക്ഷ്യം പ്രശ്നപരിഹാരമല്ല, രാഷ്ട്രീയ ലക്ഷ്യങ്ങളോടെയായിരുന്നു നീക്കമെന്നായിരുന്നു ആരോപണം. സർക്കാർ തുടക്കത്തിൽ തന്നെ പ്രശ്നപരിഹാരത്തിനായി ശ്രമിച്ചിരുന്നുവെന്നും, പിന്നീട് സമരത്തെ രാഷ്ട്രീയമായി വഴിതിരിച്ചുവിടാൻ ശ്രമമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുഡിഎഫ് സർക്കാർ രൂപീകരണം വൈകുന്നതിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ജനങ്ങൾ യുഡിഎഫിനെ ഭരണത്തിലേക്കും എൽഡിഎഫിനെ പ്രതിപക്ഷത്തിലേക്കുമാണ് തിരഞ്ഞെടുത്തതെന്നും, ആ ജനവിധിയോട് നീതി പുലർത്താനുള്ള ബാധ്യത കോൺഗ്രസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഔദ്യോഗികമായി രൂപീകരിക്കപ്പെടാത്ത സാഹചര്യത്തിലും സംഘടനാ ഭാരവാഹികൾ നൽകുന്ന പട്ടികപ്രകാരം സർക്കാർ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. “ഏത് സർക്കാരിന്റെ തീരുമാനപ്രകാരമാണ് ഇത് നടക്കുന്നത്?” എന്ന് ചോദിച്ച അദ്ദേഹം, ഇത് ജനാധിപത്യപരമായ രീതിയല്ലെന്നും വിമർശിച്ചു.













