വിജയ് ഒരു സീറ്റ് രാജിവയ്ക്കുമ്പോൾ പകരം മത്സരിക്കാൻ എത്തുക തൃഷ? ആഘോഷമാക്കി ടിവികെ പ്രവർത്തകർ, തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ തുടങ്ങി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മുന്നേറ്റമാണ് തമിഴക വെട്രി കഴകം സ്വന്തമാക്കിയത്. വിജയ്‍യുടെ നേതൃത്വത്തിലുള്ള പാർട്ടി 107 സീറ്റുകളോടെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നു. മത്സരിച്ച രണ്ട് മണ്ഡലങ്ങളായ പെരമ്പൂരും ട്രിച്ചി ഈസ്റ്റും വിജയ് വിജയിച്ചു. പെരമ്പൂരിൽ 53,715 വോട്ടിന്റെയും ട്രിച്ചി ഈസ്റ്റിൽ 27,000-ത്തിലധികം വോട്ടിന്റെയും ഭൂരിപക്ഷമാണ് ലഭിച്ചത്. ഇതോടെ 14 ദിവസത്തിനകം ഒരു സീറ്റ് രാജിവെക്കേണ്ട സാഹചര്യമുണ്ട്.

പെരമ്പൂർ മണ്ഡലം നിലനിർത്താനാണ് വിജയ് താൽപര്യമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെ സംഭവിച്ചാൽ ട്രിച്ചി ഈസ്റ്റിൽ ഉപതിരഞ്ഞെടുപ്പ് നടക്കും. ആ സാഹചര്യത്തിൽ തൃഷയെ ടിവികെ സ്ഥാനാർഥിയാക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ടിവികെ ലീഡ് നേടിയതോടെ തൃഷ വിജയ്‌യുടെ ചെന്നൈ നീലാങ്കരയിലെ വസതിയിലെത്തിയിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥിച്ചതും ശ്രദ്ധ നേടി. മെയ് 4-ന് തൃഷയുടെ 43-ാം പിറന്നാളും ആയിരുന്നു.

ഇതിനിടയിൽ, തൃഷയുടെ പഴയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിച്ചു. അടുത്ത പത്ത് വർഷത്തിനുള്ളിൽ തമിഴ്‌നാട് മുഖ്യമന്ത്രിയാകാനാണ് തന്റെ ആഗ്രഹമെന്ന് അവൾ പറഞ്ഞ വീഡിയോയാണ് വൈറലായത്. തിരഞ്ഞെടുപ്പ് കാലത്ത് വിജയുമായുള്ള ബന്ധവും എതിരാളികൾ രാഷ്ട്രീയ ആയുധമാക്കിയിരുന്നു. വിജയ്‌യുടെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജിയിലെ ആരോപണങ്ങൾ തൃഷയെ ലക്ഷ്യമിട്ടതാണെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെട്ടതും ചർച്ചകൾക്ക് ഇടയാക്കി. അതേസമയം, ഗില്ലി എന്ന ചിത്രത്തിലെ ഗാനത്തെ പശ്ചാത്തലമാക്കി വോട്ട് ചെയ്ത ശേഷമുള്ള ചിത്രം തൃഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും വലിയ ചർച്ചയായി.

More Stories from this section

family-dental
witywide