
ഇസ്രായേലും ലെബനനും തമ്മിൽ പത്ത് ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. മാസങ്ങളായി തുടരുന്ന രൂക്ഷമായ സംഘർഷത്തിന് ശമനം വരുത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലെബനൻ പ്രസിഡന്റ് ജോസഫ് ഔണുമായി ട്രംപ് നടത്തിയ ചർച്ചകളെത്തുടർന്നാണ് തീരുമാനം. ഏപ്രിൽ 16 വ്യാഴാഴ്ച രാത്രി ഒമ്പത് മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നും പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാനുള്ള സുപ്രധാനമായ ആദ്യ ചുവടുവെപ്പാണിതെന്നും ട്രംപ് വ്യക്തമാക്കി.
വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ബെഞ്ചമിൻ നെതന്യാഹുവിനെയും ജോസഫ് ഔണിനെയും ട്രംപ് വൈറ്റ് ഹൗസിലേക്ക് ചർച്ചയ്ക്കായി ക്ഷണിച്ചു. 1983-ന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടക്കാൻ പോകുന്ന ഏറ്റവും നിർണ്ണായകമായ കൂടിക്കാഴ്ചയാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഇരുപക്ഷവും സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും അത് വേഗത്തിൽ യാഥാർത്ഥ്യമാകുമെന്ന് വിശ്വസിക്കുന്നതായും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. വൈസ് പ്രസിഡന്റ് ജെഡി വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരുടെ നേതൃത്വത്തിൽ സ്ഥിരമായ സമാധാന ഉടമ്പടിക്കായുള്ള നയതന്ത്ര നീക്കങ്ങൾ തുടരും.
അതേസമയം, സമാധാന നീക്കങ്ങളോട് ഇറാൻ മുഖം തിരിക്കുകയാണെങ്കിൽ കടുത്ത സൈനിക നടപടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് മുന്നറിയിപ്പ് നൽകി. ഇതൊരു തുല്യമായ പോരാട്ടമല്ലെന്ന് ഇറാൻ ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിനിർത്തൽ കരാർ നിലവിൽ വന്ന സാഹചര്യത്തിൽ ഇറാന്റെ നിലപാട് മേഖലയിൽ നിർണ്ണായകമാകും. സമാധാന കരാറിന് തയ്യാറാകാത്ത പക്ഷം യുഎസ് സൈന്യം നേരിട്ടുള്ള ഇടപെടലുകൾക്ക് മുതിരുമെന്ന മുന്നറിയിപ്പ് പശ്ചിമേഷ്യയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
Trump announces 10-day Israel-Lebanon ceasefire; US warns Iran of military action if peace talks fail















