
വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നിയമസഭയിലെ കരുത്തുറ്റ പ്രതിപക്ഷമാകാൻ ഡിഎംകെയും സജ്ജമാകുന്നു. ഇന്ന് ചേർന്ന ഡിഎംകെ നിയമസഭാകക്ഷി യോഗം ഉദയനിധി സ്റ്റാലിനെ പാർട്ടി നേതാവായി ഐകകണ്ഠേന തെരഞ്ഞെടുത്തു. ഇതോടെ തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവായി ഉദയനിധി മാറും. വിജയ് മുഖ്യമന്ത്രിയായ അതേ ദിവസം തന്നെ ഉദയനിധിയെ നേതൃസ്ഥാനത്തേക്ക് ഉയർത്തിയതിലൂടെ ഡിഎംകെയിൽ നിർണ്ണായകമായ ഒരു തലമുറ മാറ്റത്തിനാണ് വഴിതുറന്നിരിക്കുന്നത്.
മുതിർന്ന നേതാവ് കെ.എൻ. നെഹ്‌റുവാണ് നിയമസഭാകക്ഷി ഉപനേതാവ്. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തെയും മുഖ്യമന്ത്രി വിജയ്‌യെയും സഭയ്ക്കുള്ളിൽ നേരിടുക ഡിഎംകെയുടെ യുവനേതാവായ ഉദയനിധി ആയിരിക്കും എന്ന പ്രത്യേകതയുമുണ്ട്. നേതൃസ്ഥാനം കരുണാനിധി കുടുംബത്തിൽ തന്നെ നിലനിർത്തിയതിലൂടെ പാർട്ടിക്കുള്ളിലെ അധികാരം ഉറപ്പിക്കുകയാണ് സ്റ്റാലിൻ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ തമിഴ് രാഷ്ട്രീയം സാക്ഷ്യം വഹിക്കുക രണ്ട് ജനപ്രിയ യുവനേതാക്കൾ തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനാകും.
Udhayanidhi Stalin elected DMK legislature party leader; to take on CM Vijay as Opposition Leader













