ബേക്കറി ഹോർട്ടി വൈൻ വിവാദത്തിൽ ശരവേഗത്തിൽ സർക്കാർ നടപടി, അബ്കാരി എക്സൈസ് ഡെ. കമ്മീഷണറെ മാറ്റി, ലൈസൻസ് മരവിപ്പിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം: ബേക്കറി വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വിൽപ്പനക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ മണിക്കൂറുകൾക്കുള്ളിൽ നടപടിയെടുത്ത് സംസ്ഥാന സർക്കാർ. ഇക്കാര്യത്തിൽ ബേക്കറി ലൈസൻസ് ഉത്തരവ് മരവിപ്പിച്ച് പുതിയ ഉത്തരവിറക്കി. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെയാണ് ലൈസൻസ് റദ്ദാക്കിയിരിക്കുന്നത്. ഇതിനൊപ്പം തന്നെ ബേക്കറി വഴിയുള്ള ഹോർട്ടി വൈൻ വിൽപ്പന അനുമതി ആവശ്യപ്പെട്ട് എക്സൈസ് കമ്മീഷണറെ സമീപിച്ച അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി കെ അനിൽ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. വി സുഭാഷാണ് പകരക്കാരൻ. അനിൽ കുമാറിന് പുതിയ നിയമനം നൽകിയിട്ടില്ല.

അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് നേരത്തെ തന്നെ മന്ത്രി അറിയിച്ചു. സർക്കാരിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ മന്ത്രി എന്ന നിലയിൽ തന്നെ അറിയിക്കണമായിരുന്നു. ഇക്കാര്യത്തിൽ ഉണ്ടായ ഗുരുതര വീഴ്ച കണക്കിലെടുത്താണ് ഉദ്യോഗസ്ഥനെതിരെ നടപടിയെന്നും മന്ത്രി വിവരിച്ചിരുന്നു.

അതേസമയം ബേക്കറി വഴി ഹോർട്ടിവൈൻ വിൽപ്പനക്ക് ലൈസൻസ് നൽകിയത് വാർത്തകളിലൂടെ മാത്രം അറിയേണ്ടി വന്നതിൽ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. മുൻ ഇടതു സർക്കാരിന്റെ കാലത്ത് 2022-23 ലെ മദ്യനയപ്രകാരം രൂപീകരിച്ച സ്മോൾ സ്കെയിൽ വൈനറി റൂൾസിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് നടപടികൾ പുരോഗമിച്ചിരുന്നത്. പഴങ്ങളിൽ നിന്ന് നിർമ്മിക്കുന്ന വൈൻ വിൽക്കുന്നതിനായി വിസ്തീർണ്ണ പരിധിയിൽ വരുത്തിയ നിയമഭേദഗതി ചൂണ്ടിക്കാട്ടി ഈ സർക്കാരിന്റെ കാലത്താണ് അപേക്ഷ ലഭിച്ചത്. ഇതിന് പിന്നാലെയാണ് അനുമതി നൽകിക്കൊണ്ടുള്ള ആദ്യ ഉത്തരവ് പുറത്തുവന്നത്. ലൈസൻസ് നൽകിയത് പൂർണ്ണമായും നിയമപ്രകാരമാണെന്ന നിലപാടിൽ എക്സൈസ് കമ്മീഷണറേറ്റ് ഉറച്ചുനിൽക്കുമ്പോൾ, ഒന്നും അറിഞ്ഞില്ലെന്ന സർക്കാരിന്റെ വാദത്തെ ചോദ്യം ചെയ്ത് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷും രംഗത്തെത്തിയിട്ടുണ്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനാനുമതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ ചർച്ചയാകുന്നതിനിടെയാണ് ഹോർട്ടി വൈൻ ലൈസൻസ് വിതരണം രാഷ്ട്രീയ തലത്തിലും വലിയ തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്.

Horti-Wine Row: Kerala Govt Freezes Bakery Sale License, Transfers Deputy Commissioner C.K. Anil Kumar

More Stories from this section

family-dental
witywide