കമ്മ്യൂണിസ്റ്റായി തുടരാനാണ് ആഗ്രഹം, തോറ്റാലും സിപിഎം തെറ്റുകള്‍ തിരുത്താറില്ലെന്ന് വി കുഞ്ഞികൃഷ്ണന്‍; ‘കാത്തിരുന്ന് കാണേണ്ട കാര്യം’

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ തോറ്റാലും സിപിഎം തെറ്റുകള്‍ തിരുത്താറില്ലെന്നതാണ് മുന്‍ അനുഭവമെന്ന് പയ്യന്നൂര്‍ നിയുക്ത എംഎല്‍എ വി കുഞ്ഞികൃഷ്ണന്‍. താന്‍ വിജയിക്കാനെന്ന ലക്ഷ്യത്തോടെയല്ല മത്സരരംഗത്ത് ഇറങ്ങിയതെന്നും, അത് ഒരു പ്രതിഷേധത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജനങ്ങള്‍ കൈവിടാതിരുന്നതാണ് വിജയത്തിന് കാരണമായതെന്നും കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. സിപിഎം ആത്മപരിശോധനയ്ക്കും തിരുത്തലുകള്‍ക്കുമായി എത്രത്തോളം തയ്യാറാകുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണെന്നും, മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി തിരുത്തലിന് തയ്യാറാകില്ലെന്ന നിഗമനത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് തവണ തെറ്റ് തിരുത്തല്‍ രേഖ പാര്‍ട്ടി അംഗീകരിച്ച് ചര്‍ച്ച ചെയ്തെങ്കിലും യാതൊരു മാറ്റവും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.

ജനവിധി ഇത്തരത്തിലായ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവായി പുതിയ ഒരാള്‍ വരാമായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പ്രശ്‌നം ശൈലിമാറ്റമല്ല, തെറ്റുകള്‍ പാര്‍ട്ടിക്കകത്ത് ശക്തമായി വിമര്‍ശിക്കുകയും പിന്നീട് തിരുത്തുകയും ചെയ്യുന്നതിലാണ് കാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇപ്പോള്‍ തെറ്റുകള്‍ സംഭവിക്കുമ്പോള്‍ വിമര്‍ശിക്കാന്‍ പോലും ആരും തയ്യാറാകാത്ത അവസ്ഥയിലേക്ക് പാര്‍ട്ടിക്കകത്ത് അപചയം സംഭവിച്ചുവെന്നും അതാണ് മാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ക്രമേണ ഏകാധിപത്യ സ്വഭാവത്തിലേക്ക് മാറുകയാണെന്ന വിമര്‍ശനം നേരത്തെയും ഉന്നയിച്ചിട്ടുണ്ടെന്ന് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന് പ്രസക്തിയില്ലാത്ത സാഹചര്യമാണിപ്പോഴുള്ളതെന്നും, കാര്യങ്ങള്‍ സ്വാഭാവികമായി ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയപ്പോള്‍ ഭീഷണികള്‍ ഉണ്ടായിരുന്നുവെന്നും, താന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടി പോരാടുക എന്ന നിലപാടാണ് തുടക്കംമുതല്‍ സ്വീകരിച്ചതെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

പാര്‍ട്ടിക്കകത്ത് നിന്ന് പോരാടിയിട്ടും ഫലമില്ലെന്ന് മനസ്സിലായപ്പോഴാണ് പുസ്തകം എഴുതി ജനങ്ങള്‍ക്കുമുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചതെന്നും, ജനങ്ങള്‍ അത് ഏറ്റെടുത്തതാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും പോകില്ലെന്ന നിലപാട് തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും, ആര്‍എസ്‌പിയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. താന്‍ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനായ കമ്മ്യൂണിസ്റ്റായി തുടരാനാണ് ആഗ്രഹിക്കുന്നതെന്നും, അതിന് ഏതെങ്കിലും പാര്‍ട്ടിയുടെ പിന്തുണ അനിവാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide