വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: തുടരന്വേഷണത്തിന് ഏഴംഗ പ്രത്യേക സംഘത്തെ നിയോഗിച്ച് ആഭ്യന്തര വകുപ്പ്

വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദക്കേസിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി.) നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കോഴിക്കോട് റൂറൽ എസ്.പിയുടെ മേൽനോട്ടത്തിൽ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുക. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ടി. മനോഹരനാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ. കേസിൽ പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് കാണിച്ച് മുൻപ് പൊലീസ് അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേസിൽ തുടരന്വേഷണം നടത്താൻ സർക്കാർ അടിയന്തര ഉത്തരവിട്ടിരിക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന ഷാഫി പറമ്പിലിനെതിരെ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് ഈ കേസ്. വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച കേസിൽ പ്രതികളെ കണ്ടെത്താൻ പൊലീസിന് സാധിക്കാത്തത് ആഭ്യന്തര വകുപ്പിനെതിരെ കനത്ത വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പുതിയ സംഘത്തെ നിയോഗിച്ച് കേസ് തെളിയിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നീക്കം നടക്കുന്നത്.

നവകേരള സദസിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ നടത്തിയ ‘രക്ഷാപ്രവർത്തനത്തിൽ’ പുനരന്വേഷണം നടക്കുന്നതിനിടയിലാണ് വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസിലും ആഭ്യന്തര വകുപ്പ് പുതിയ എസ്.ഐ.ടി. രൂപീകരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള രണ്ട് കേസുകളിലും ഒരേസമയം പുനരന്വേഷണം പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Vadakara Kafir Screenshot Case: Home Minister Chennithala Appoints 7-Member SIT for Re-investigation

More Stories from this section

family-dental
witywide