അണികൾ ചേരിതിരിഞ്ഞ് പ്രകടനങ്ങള്‍ നടത്തുന്നതും ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്ന് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ച് വി ഡി സതീശന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ അഭ്യര്‍ഥന. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ പ്രവര്‍ത്തകര്‍ മൂന്ന് നേതാക്കള്‍ക്കുമായി ചേരിതിരിഞ്ഞ് തെരുവിലേക്കിറങ്ങുന്ന പശ്ചാത്തലത്തിലാണ് വി ഡി സതീശൻ്റെ പ്രതികരണം.
യുഡിഎഫ് നൂറിലേറെ സീറ്റുകളുമായി തിരഞ്ഞെടുപ്പില്‍ വിജയിച്ച് നില്‍ക്കുന്ന ഈ സമയം സന്തോഷത്തിന്റേയും അഭിമാനത്തിന്റേയുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ലെന്നും വിഡി സതീശൻ കുറിച്ചു.
അതേസമയം, വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തെരുവില്‍ പ്രകടനം നടത്തുന്നത്. രാഹുല്‍ ഗാന്ധിയും കെപിസിസിയും ഉള്‍പ്പെടെ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും തെരുവില്‍ ഇപ്പോഴും പ്രകടനങ്ങള്‍ തുടരുകയാണ്.
വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
102 സീറ്റുമായി കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മള്‍ നേടിയത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികള്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് AICC കടക്കുന്നു.നമുക്കിത് സന്തോഷത്തിന്റേയും അഭിമാനത്തിന്റേയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ല.ചേരിതിരിഞ്ഞ് പ്രകടനങ്ങള്‍ നടത്തുന്നതും ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതും ഒഴിവാക്കണം. അത്തരം നടപടികളില്‍ നിന്ന് പ്രിയപ്പെട്ട കോണ്‍ഗ്രസ് -യു.ഡി.എഫ് പ്രവര്‍ത്തകര്‍ പിന്‍മാറണമെന്ന് സ്നേഹപൂര്‍വം അഭ്യര്‍ഥിക്കുന്നു.
VD Satheesan appeals to activists to avoid mass demonstrations and setting up flares












