എല്ലാവർക്കും മന്ത്രി സ്ഥാനം ഓഫർ ചെയ്ത് വിജയ്യുടെ പുത്തൻ നീക്കം, സിപിഎം, സിപിഐ, കോൺഗ്രസ്, ലീഗ് ഓഫീസുകളിൽ ‘പിന്തുണ കത്ത്’ തേടി ടിവികെ നേതാക്കളെത്തി

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ തികയ്ക്കാനാകാത്ത പശ്ചാത്തലത്തിൽ സർക്കാർ രൂപീകരണത്തിനായി നിർണ്ണായക നീക്കങ്ങളുമായി വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ). നിലവിൽ ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവുള്ള സാഹചര്യത്തിൽ, സി‌പി‌എം, സി‌പി‌ഐ, മുസ്ലിം ലീഗ്, വിസികെ തുടങ്ങിയ പാർട്ടികളുടെ പിന്തുണ തേടി ടിവികെ നേതാക്കൾ പാർട്ടി ഓഫീസുകളിൽ നേരിട്ടെത്തി. സഭയിൽ പിന്തുണയ്ക്കുന്നതിന് പുറമെ ഗവർണർക്ക് നൽകാനായി ഔദ്യോഗിക പിന്തുണക്കത്തുകൾ കൂടി വേണമെന്നാണ് വിജയ്‌യുടെ ആവശ്യം.

ഭരണം പങ്കിടാമെന്ന വലിയ വാഗ്ദാനമാണ് പിന്തുണ തേടി ചെല്ലുന്ന പാർട്ടികൾക്ക് മുന്നിൽ വിജയ് വെച്ചിരിക്കുന്നത്. ഇടതുപാർട്ടികൾക്കും വിസികെയ്ക്കും മന്ത്രിസ്ഥാനങ്ങൾ നൽകാമെന്നും എല്ലാവരെയും ഉൾപ്പെടുത്തി സഖ്യസർക്കാർ രൂപീകരിക്കാമെന്നും ടിവികെ അറിയിച്ചു. ടിവികെ നേതാവ് സി ടി ആർ നിർമ്മൽകുമാറും ജനറൽ സെക്രട്ടറി അരുൺരാജും വിവിധ പാർട്ടി ആസ്ഥാനങ്ങളിൽ നേരിട്ടെത്തി ചർച്ചകൾ നടത്തി. ഇതിനിടെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ വിജയിയെ നേരിട്ട് കണ്ടതും രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് ഹാജരാക്കിയാൽ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകൂ എന്ന ഗവർണറുടെ കർശന നിലപാടാണ് വിജയിനെ വെട്ടിലാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ ഗവർണർ അറ്റോർണി ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്. അഞ്ച് എംഎൽഎമാരുടെ കൂടി പിന്തുണ ഉറപ്പാക്കാനായി ടിവികെ തീവ്രശ്രമം തുടരുകയാണ്. ഗവർണർക്ക് കത്ത് നൽകുന്ന കാര്യത്തിൽ ഇടതുപാർട്ടികളും വിസികെയും നാളെ ചേരുന്ന നേതൃയോഗങ്ങളിൽ എടുക്കുന്ന തീരുമാനം വിജയിന്റെ മുഖ്യമന്ത്രി പദവിയിൽ നിർണ്ണായകമാകും.

Vijay eyes CM chair; TVK offers ministerial berths to CPM, CPI, and IUML in exchange for support letters

More Stories from this section

family-dental
witywide