
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ തമിഴക വെട്രി കഴകം (ടിവികെ), സർക്കാരുണ്ടാക്കാനുള്ള അതിവേഗ നീക്കങ്ങൾ ആരംഭിച്ചു. കേവല ഭൂരിപക്ഷത്തിന് 11 സീറ്റുകളുടെ കുറവുള്ള സാഹചര്യത്തിൽ, ഡിഎംകെ സഖ്യത്തിൽ മത്സരിച്ച രണ്ട് സിപിഎം എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ വിജയ് നേരിട്ട് ഇടപെട്ടു. പദ്മനാഭപുരം, കീഴ്‌വേലൂർ മണ്ഡലങ്ങളിൽ വിജയിച്ച സിപിഎമ്മിനെ ഒപ്പം നിർത്താനുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴും, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമേ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് സിപിഎം നേതൃത്വം.
വിജയിനെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത് തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. യുവാക്കളുടെ വികാരം പ്രതിഫലിക്കുന്ന ഈ ജനവിധിയെ അവഗണിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി, വിജയിയുമായും എം.കെ. സ്റ്റാലിനുമായും ഫോണിൽ സംസാരിച്ചു. മുൻപ് കോൺഗ്രസ്-ടിവികെ സഖ്യമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്നതിനാൽ, കോൺഗ്രസ് പിന്തുണ ടിവികെയ്ക്ക് ലഭിക്കുമോ എന്ന കാര്യത്തിൽ രാഷ്ട്രീയ വൃത്തങ്ങളിൽ ആകാംക്ഷ ഏറുകയാണ്. കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി വിജയിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതും ഈ അഭ്യൂഹങ്ങൾക്ക് ബലം നൽകുന്നു.
തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ ടിവികെയുമായി സഹകരിക്കാൻ കോൺഗ്രസിനുള്ളിലെ ഒരു വിഭാഗം താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഡിഎംകെ സഖ്യത്തിൽ തുടരാനായിരുന്നു ഹൈക്കമാൻഡ് തീരുമാനം. എന്നാൽ നിലവിലെ സാഹചര്യത്തിൽ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും കോൺഗ്രസ് പ്രവർത്തകർക്ക് രാഹുൽ നന്ദി അറിയിച്ചതും ‘യുവാക്കളുടെ ശബ്ദം’ എന്ന വിജയിന്റെ മുന്നേറ്റത്തെ വിശേഷിപ്പിച്ചതും നിർണായകമാണ്. സിപിഎമ്മിന് പുറമെ മറ്റ് സ്വതന്ത്രരെയും ചെറുകക്ഷികളെയും ഒപ്പം നിർത്തി ഭരണം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ടിവികെ ക്യാമ്പ്.
Vijay Initiates Fast-Paced Moves to Form Government in Tamil Nadu; Contacts CPM as Rahul Gandhi Extends Congratulations













