തിരുവനന്തപുരം: നിയമസഭയിൽ കിഫ്ബിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ ബഹളം വെച്ച് തടസ്സം സൃഷ്ടിച്ച പ്രതിപക്ഷത്തിനു നേരെ അതിരൂക്ഷമായ ഭാഷയിൽ തിരിഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ. സഭയിൽ ബഹളമുണ്ടാക്കി തടസ്സപ്പെടുത്തിയാലും തന്റെ പ്രസംഗം പൂർത്തിയാക്കി സംസാരിച്ചിട്ടേ മടങ്ങുകയുള്ളൂവെന്നും, തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെങ്കിൽ മറ്റാരെയും സംസാരിക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി താക്കീതു നൽകി. ഇതോടെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ടാണ് രംഗം ശാന്തമാക്കാൻ ശ്രമിച്ചത്. കിഫ്ബി പദ്ധതികൾ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെച്ചതെന്നും, മുൻ സർക്കാരിന്റെ കാലത്ത് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പ്രഖ്യാപിക്കുകയും തറക്കല്ലിടുകയും ചെയ്ത പല പദ്ധതികളുടെയും ടെൻഡർ നടപടികളും അനുമതികളും പൂർത്തിയായത് പുതിയ സർക്കാർ വന്നശേഷമാണെന്നും കോഴിക്കോട്ടെ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഹോസ്പിറ്റൽ പദ്ധതിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി അദ്ദേഹം വിശദീകരിച്ചു.
കിഫ്ബി സംസ്ഥാനത്തിന്റെ ധനസ്ഥിതിയെയും ഫിസിക്കൽ ഘടനയെയും തകർത്ത് തരിപ്പണമാക്കിയെന്നും വൻ സാമ്പത്തിക ബാധ്യത വരുത്തിവെച്ചെന്നും മുഖ്യമന്ത്രി സഭയിൽ കുറ്റപ്പെടുത്തി. കിഫ്ബി മൂലമുണ്ടായ ഭീമമായ ബാധ്യത കാരണം തുടർച്ചയായി മൂന്നുവർഷം സംസ്ഥാന പ്ലാൻ ഫണ്ട് ഉയർത്താനാകാതെ 30,000 കോടി രൂപയിൽ തന്നെ നിലനിർത്തേണ്ടി വന്നു. ഏഴ് വർഷമായിട്ടും പല പ്രവൃത്തികളുടെയും ഡി.പി.ആർ. പോലും സമർപ്പിക്കപ്പെട്ടിട്ടില്ലെന്നും കിഫ്ബി വികസനങ്ങളെ പ്രതികൂലമായി ബാധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ഉദ്യോഗസ്ഥരെയും ഇഷ്ടക്കാരെയും കുത്തിനിറച്ച സ്ഥാപനമായി കിഫ്ബി മാറിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. ടെൻഡറില്ലാതെ 5,900 കോടി രൂപയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വലിയ ചോർച്ചയാണുണ്ടായത്. ഖജനാവ് കൊള്ളയടിച്ചതിന് തുല്യമായ ഇത്തരം നടപടികളെക്കുറിച്ച് കൃത്യമായി അന്വേഷണം നടത്തുമെന്നും ഇതിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
“Will Speak Before Leaving, No One Will Speak If Interrupted”: CM V.D. Satheesan Warns Opposition in Assembly












