
വാഷിംഗ്ടൺ: യുഎസ് നാഷണൽ ഇൻ്റലിജൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും തുൾസി ഗബ്ബാർഡ് രാജിവെച്ചതിനെ തുടർന്ന് ഫെഡറൽ ഹൗസിങ് ഫിനാൻസ് ഏജൻസി മേധാവി വില്യം പുൾട്ടിനെ താൽക്കാലിക ചാരമേധാവിയായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നിയമിച്ചു. ഭർത്താവിനു ബാധിച്ച അപൂർവമായ അസ്ഥി അർബുദ ചികിത്സയ്ക്കായി കൂടെ നിൽക്കേണ്ടതിനാലാണ് തുൾസി ഗബ്ബാർഡ് മേയ് അവസാനത്തോടെ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. ജൂൺ 30-ഓടെ അവർ ഔദ്യോഗികമായി സ്ഥാനമൊഴിയും.
തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ഡോണൾഡ് ട്രംപ് ഈ പുതിയ നിയമനം പ്രഖ്യാപിച്ചത്. 38 വയസ്സുകാരനായ വില്യം പുൾട്ട് നിലവിൽ യുഎസിലെ പ്രമുഖ മോർഗേജ് ഗ്രൂപ്പുകളായ ഫാനി മേ, ഫ്രെഡ്ഡി മാക് എന്നിവയുടെ ചെയർമാനും ഫെഡറൽ ഹൗസിങ് ഫിനാൻസ് ഏജൻസിയുടെ ഡയറക്ടറുമാണ്. പുതിയ താൽക്കാലിക പദവി ഏറ്റെടുക്കുമ്പോഴും പുൾട്ട് തൻ്റെ നിലവിലെ സാമ്പത്തിക-ഹൗസിങ് ചുമതലകളിൽ തുടരുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ സുരക്ഷാ രംഗത്തോ ഇൻ്റലിജൻസ് ഏജൻസികളിലോ യാതൊരുവിധ മുൻപരിചയവുമില്ലാത്ത പുൾട്ടിനെ ഇത്രയും നിർണായകമായ പദവിയിലേക്ക് നിയമിച്ചതിനെതിരെ ഡെമോക്രാറ്റുകൾ ഉൾപ്പെടെയുള്ള പ്രതിപക്ഷം കടുത്ത വിമർശനം ഉയർത്തുന്നുണ്ട്. എന്നാൽ അമേരിക്കയിലെ ഏറ്റവും സെൻസിറ്റീവായ സാമ്പത്തിക കാര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്ത പരിചയം പുൾട്ടിനുണ്ടെന്നാണ് ട്രംപിൻ്റെ വാദം. സിഐഎ, എഫ്ബിഐ, എൻഎസ്എ അടക്കമുള്ള യുഎസിലെ 18 മുൻനിര രഹസ്യാന്വേഷണ ഏജൻസികളുടെ ഏകോപന ചുമതലയാണ് താൽക്കാലിക ഡയറക്ടർ എന്ന നിലയിൽ ഇനി വില്യം പുൾട്ടിന് നിർവഹിക്കേണ്ടി വരിക.
William Pulte to head US intelligence after Tulsi Gabbard’s resignation















