കലാമാമാങ്കത്തിനൊരുങ്ങി കൊല്ലം, സമാപന സമ്മേളനത്തില്‍ മമ്മൂട്ടി മുഖ്യാതിഥി

കൊല്ലം: 62മത് സംസ്ഥാന സ്കൂൾ കലോത്സവത്തിനു ഒരുങ്ങി കൊല്ലം. ജനുവരി നാലിന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ സിനിമാ താരം മമ്മൂട്ടി മുഖ്യാതിഥി ആകും. നര്‍ത്തകിയുമായ ആശ ശരതും വിദ്യാര്‍ത്ഥികളും കലോത്സവ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം അവതരിപ്പിക്കും. ഇക്കുറിയും കലോത്സവത്തിന് വെജിറ്റേറിയൻ ഭക്ഷണമാണ് നൽകുക.

ഒന്നര പതിറ്റാണ്ടിനു ശേഷമാണ് കൊല്ലം കലോത്സവത്തിന് വേദിയാകുന്നത്. പരിപാടി ഏറ്റവും മികവുറ്റത് ആക്കാനുള്ള ശ്രമത്തിലാണ് സംഘാടക സമിതി. പ്രതിഭകളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പ്രധാന വേദി ആശ്രാമം മൈതാനമാണ്.

അഞ്ച് ദിവസങ്ങളിൽ ആയി 24 വേദികളിൽ മത്സരങ്ങൾ നടക്കും. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി സ്കൂള്‍, വിഎച്ച്എസ്എസ് വിഭാഗങ്ങളിൽ 239 ഇനങ്ങളിൽ 14000 വിദ്യാർത്ഥികൾ പങ്കെടുക്കും. ഒപ്പം അറബിക് സംസ്‌കൃതം കലോത്സവവും. വിധി നിർണയം അടക്കം കുറ്റമറ്റതാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

വിദ്യാഭ്യാസ, തൊഴില്‍ മന്ത്രി ശിവന്‍കുട്ടി അധ്യക്ഷനാകും. വിവിധ വകുപ്പ് മന്ത്രിമാരും എംഎല്‍എമാരും നടി നിഖില വിമലും പങ്കെടുക്കും. ആദ്യ ദിവസം 23 വേദികളിലായാണ് മത്സരങ്ങള്‍. മോഹിനിയാട്ടമാണ് ആദ്യ മത്സര ഇനം. നടന്‍ മമ്മൂട്ടി സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയാകും.

ഭിന്നശേഷിക്കുട്ടികള്‍ അവതരിപ്പിക്കുന്ന ശിങ്കാരിമേളം, ചെണ്ടമേളം, കളരിപ്പയറ്റ് എന്നിവയും ഉണ്ടാകും. ജനുവരി 8ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും. വി ശിവന്‍കുട്ടി സമ്മാനദാനം നിര്‍വഹിക്കും.