തലവേദനയ്ക്ക് ഇഞ്ചക്ഷന്‍ നല്‍കിയതിനു പിന്നാലെ ഏഴ് വയസ്സുകാരന്റെ കാല് തളര്‍ന്നു; ഡോക്ടര്‍ക്കും നഴ്‌സിനുമെതിരെ കേസ്

തൃശൂര്‍: കടുത്ത തലവേദനയെത്തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തി വേദനയ്ക്കുള്ള കുത്തിവെപ്പെടുത്ത് ഏഴു വയസ്സുകാരന്റെ കാലു തളര്‍ന്നു. പാലയൂര്‍ സ്വദേശി ഷാഫിലിന്റെ മകന്‍ മുഹമ്മദ് ഗസാലിയെയാണ് കടുത്ത തലവേദനയെത്തുടര്‍ന്ന് മാതാവ് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ കാണിച്ചപ്പോള്‍ രണ്ട് കുത്തിവെപ്പുകള്‍ എടുക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ഒരു പുരുഷ നഴ്‌സ് വന്ന് ഗസാലിയുടെ ഇടതു കൈയില്‍ ആദ്യം കുത്തിവെപ്പ് നല്‍കിയെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

കുത്തിവെച്ചതിനു പിന്നാലെ കൈ വേദനിക്കുന്നതായി കുട്ടി പറഞ്ഞതോടെ നഴ്‌സ് സിറിഞ്ച് താഴെ വെച്ചിട്ട് തിരികെ പോയി. പിന്നാലെ പോയ അമ്മ ഇയാളെ തിരികെ വിളിച്ചു. വീണ്ടും വന്ന നഴ്‌സ് കുട്ടിയുടെ അരക്കെട്ടില്‍ ഇടതുഭാഗത്തായി കുത്തിവെപ്പ് നല്‍കി. ഇതോടെ ഇടതുകാലിലും ശക്തമായ വേദനയും തരിപ്പും അനുഭവപ്പെട്ടു. എഴുന്നേറ്റ് നടക്കാന്‍ ശ്രമിച്ചപ്പോള്‍ വീഴാന്‍ പോകുകയും ഇടത് കാലിന് ബലക്കുറവ് തോന്നുകയും ചെയ്തു.

കുട്ടിയുടെ അമ്മ ഡോക്ടറോട് വിവരം പറഞ്ഞപ്പോള്‍ പെട്ടന്ന് മാറിക്കോളുമെന്നു പറയുകയും വേദനയുള്ളിടത്ത് പുരട്ടാന്‍ ഓയിന്‍മെന്റ് നല്‍കി പറഞ്ഞയക്കുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തിയിട്ടും കാലിന്റെ തളര്‍ച്ചയില്‍ മാറ്റമില്ലാതായതോടെ കുട്ടിയെ ഉടന്‍ തന്നെ കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചു. മരുന്ന് മാറിയതിനാലോ ഇഞ്ചക്ഷന്‍ ഞരമ്പില്‍ കൊണ്ടതിനാലോ ആവാം കാലിന് തളര്‍ച്ചയുണ്ടായതെന്നാണ് അവിടെയുള്ള ഡോക്ടര്‍ പറഞ്ഞത്. ഇതോടെ രക്ഷിതാക്കള്‍ ചാവക്കാട് പൊലീസിനു പുറമെ ആശുപത്രി സൂപ്രണ്ട്, ജില്ല മെഡിക്കല്‍ ഓഫിസര്‍, എം.എല്‍.എ, ആരോഗ്യമന്ത്രി, ബാലാവകാശ കമീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കി.

ഡിസംബര്‍ ഒന്നിനാണ് സംഭവം നടന്നത്. നിലവില്‍ കുട്ടിയുടെ കാലിലെ ഒരു ഞരമ്പിന്റെ ശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ആറുമാസം എങ്കിലും തുടര്‍ ചികിത്സ നല്‍കിയാല്‍ മാത്രമേ കുട്ടിക്ക് ചലനശേഷി തിരികെ ലഭിക്കൂ എന്ന അവസ്ഥയിലാണ്. വീട്ടുകാരുടെ പരാതിയില്‍ ഡോക്ടറെ ഒന്നാം പ്രതിയും പുരുഷ നഴ്‌സിനെ രണ്ടാം പ്രതിയുമാക്കിയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്. പാലയൂര്‍ സെന്റ് തോമസ് എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസുകാരനാണ് മുഹമ്മദ് ഗസാലി.

More Stories from this section

family-dental
witywide