വിശന്നപ്പോള്‍ കോഴിക്കൂട്ടില്‍ കയറി; വയനാട്ടില്‍ കോഴിയെ തിന്ന പുലി കുടുങ്ങി

കല്‍പ്പറ്റ: വിശന്നപ്പോള്‍ കോഴിക്കൂട്ടില്‍ കയറി കോഴികളെ മുഴുവന്‍ തിന്ന പുലി വയറു നിറഞ്ഞപ്പോള്‍ കെണിയിലായി. വയനാട്ടില്‍ മുപ്പൈനാട് കാടശ്ശേരി സ്വദേശി ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടില്‍ കയറിയ പുലിയാണ് കുടുങ്ങിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് പുലി കൂട്ടില്‍ കുടുങ്ങിയത്. കൂട്ടിലുണ്ടായിരുന്ന കോഴികളെ മുഴുവന്‍ പുലി തിന്നു. വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ കെണിയിലാക്കി പിന്നീട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

പുലിയുടെ ആരോഗ്യമടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടികളെടുക്കും. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിയെ മാറ്റിയത്. കോഴിക്കൂട്ടില്‍ നിന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിച്ച കൂട്ടിലേക്ക് കയറ്റിയാണ് പുലിയെ ഇവിടെ നിന്നു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഏറെനാളായി പ്രദേശത്ത് പുലിയുടെ ശല്യമുണ്ട്.

More Stories from this section

family-dental
witywide