
ന്യൂഡൽഹി: അഴുക്കുചാലുകൾ വൃത്തിയാക്കുന്നതിനിടെ മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് സർക്കാർ 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി. ജോലിക്കിടെ സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവർക്ക് ഇരുപത് ലക്ഷവും മറ്റ് അപകടങ്ങൾക്കുള്ള സഹായം ധനം പത്തു ലക്ഷമായും കൂട്ടണമെന്നും കോടതി നിദ്ദേശിച്ചു.
തോട്ടിപ്പണി പൂർണമായും ഇല്ലാതാക്കുമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണമെന്ന് ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ടും അരവിന്ദ് കുമാറും അടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.
മനുഷ്യന്റെ അന്തസ്സിന് വേണ്ടിയാണ് ഈ നടപടിയെന്നും പരമോന്നത കോടതി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയിലാണ് വിധി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയില്‍ അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ 347 പേരാണ് മരിച്ചത്. ഈ മരണങ്ങളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണെന്നും സർക്കാർ കണക്കുകളിൽ പറയുന്നു.









