
ഭാര്യ രാധികയ്ക്കും മൂത്ത മകൾ ഭാഗ്യക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് സുരേഷ് ഗോപി. ഭാഗ്യയുടെ വിവാഹത്തിന് മോദിയെ ക്ഷണിക്കാനായിരുന്നു സന്ദർശനം. ഇതിന്റെ ചിത്രങ്ങൾ സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
ഒരു ചിത്രത്തിൽ സ്വർണനിറമുള്ള താമരയുടെ രൂപം കുടുംബം പ്രധാനമന്ത്രിക്ക് സമ്മാനിക്കുന്നത് കാണാം. ‘കുടുംബങ്ങളുടെ നേതാവ്’ എന്ന ക്യാപ്ഷനോടെയാണ് മോദിയോടൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചത്. സുരേഷ് ഗോപി പ്രധാനമന്ത്രിയെ നേരിൽക്കാണും എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ജനുവരി പതിനേഴാം തീയതി ഗുരുവായൂരിൽ വെച്ചാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം. ശ്രേയസ്സ് മോഹന്‍ ആണ് വരന്‍. കഴിഞ്ഞ ജൂലൈയില്‍ ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടില്‍ വെച്ച് നടന്നിരുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ് ബിസിനസ്സുകാരനാണ്. ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് വിവാഹ സൽക്കാരം നടക്കും.













