ഗാസയില്‍ അല്‍ ജസീറ ക്യാമറാമാനെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തി; കൊല്ലപ്പെടുന്ന 57-ാമത്തെ പലസ്തീനിയന്‍ മാധ്യമ പ്രവര്‍ത്തകന്‍

റഫ: ഗാസയിലെ ഖാന്‍ യൂനിസില്‍ വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ അല്‍ ജസീറ ക്യാമറാമാന്‍ കൊല്ലപ്പെട്ടു. അല്‍ ജസീറയുടെ ക്യാമറാമാന്‍ സമീര്‍ അബുദാഖയെയാണ് ഇസ്രായേല്‍ സൈന്യം വധിച്ചത്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന 57-ാമത്തെ പലസ്തീനിയന്‍ മാധ്യമ പ്രവര്‍ത്തകനാണ് സമീര്‍ അബുദാഖ. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സ്‌കൂളിന് നേരെയുണ്ടായ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് അബുദാഖയെ സൈന്യം കൊലപ്പെടുത്തിയത്.

അബുദാഖയ്‌ക്കൊപ്പമുണ്ടായിരുന്ന ലേഖകന്‍ വെയ്ല്‍ ദഹ്ദൂഹിനും ആക്രമണത്തില്‍ പരിക്കേറ്റു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ വെടിയേറ്റ അബുദാഖ മണിക്കൂറുകളോളം രക്തം വാര്‍ന്നു കിടന്നു. പരിക്കേറ്റു കിടന്ന ഇദ്ദേഹത്തതെ ശുശ്രൂഷിക്കുന്നതില്‍ നിന്നും മെഡിക്കല്‍ സംഘത്തെ ഇസ്രായേല്‍ സൈന്യം തടഞ്ഞുവെന്ന വിവരവും പുറത്തു വരുന്നുണ്ട്.

അതേസമയം ആക്രമണത്തിനിടെ ശത്രുക്കളാണെന്ന ചിന്തയോടെ സ്വന്തം ആളുകളേയും ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തി. എതിരാളികളാണെന്ന് കരുതി ഹമാസ് ബന്ദികളാക്കിയ മൂന്ന് ഇസ്രയേല്‍ സ്വദേശികളെയാണ് ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 7-ന് ഹമാസിന്റെ ആക്രമണത്തിനിടെ കിബ്ബത്ത്‌സ് ക്ഫാര്‍ ആസയില്‍ നിന്ന് പിടികൂടിയ 28 കാരനായ യോതം ഹൈം, കിബ്ബത്ത്‌സ് നിര്‍ ആമില്‍ നിന്ന് പിടികൂടിയ 25 കാരനായ സമീര്‍ അല്‍-തലാല്‍ക്ക, 26 കാരനായ അലോണ്‍ ഷംരിസ്എന്നീ മൂന്ന് ബന്ധികളെയാണ് ഇസ്രയേല്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയിരിക്കുന്നത്.

ഷെജയ്യയിലെ പോരാട്ടത്തിനിടെ, മൂന്ന് ഇസ്രായേലി ബന്ദികളെ ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സ് എതിരാളികളായി തെറ്റിദ്ധരിച്ചുവെന്നും കൊലപ്പെടുത്തിയെന്നും സൈന്യം സ്ഥിരീകരിക്കുകയും ചെയ്തു. ‘ദാരുണമായ സംഭവത്തില്‍ അഗാധമായ പശ്ചാത്താപം പ്രകടിപ്പിക്കുന്ന’തായും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പരിശോധന നടത്തിയെന്നും ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഗാസയില്‍ യുദ്ധരംഗത്തുള്ള സൈനീകര്‍ക്ക് നല്‍കിയെന്നും സൈന്യം വ്യക്തമാക്കുന്നുണ്ട്.

More Stories from this section

family-dental
witywide